സ്വപ്‌ന എവിടെയെന്ന് അറിയില്ല; വക്കാലത്ത് നല്‍കാന്‍ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍ജാമ്യാപേക്ഷ നല്‍കിയത്.

Update: 2020-07-09 08:42 GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും രണ്ട് ദിവസം മുന്‍പാണ് വക്കാലത്ത് തനിക്ക് ലഭിച്ചതെന്നും അഡ്വ രാജേഷ് കുമാര്‍. ജാമ്യാപേക്ഷ നല്‍കാന്‍ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതുകൊണ്ട് കീഴടങ്ങുന്നതിനോ അറസ്റ്റിനോ തടസമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍ജാമ്യാപേക്ഷ നല്‍കിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.

ജൂണ്‍ 30നാണ് ബാഗേജ് കാര്‍ഗോ കോംപ്ലക്‌സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താന്‍ ബന്ധപ്പെട്ടെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന വ്യക്തമാക്കുന്നു. ബാഗേജ് വിട്ടുകിട്ടണമെന്ന് കാട്ടി അപേക്ഷ തയാറാക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. താന്‍ തയാറാക്കിയ അപേക്ഷ ഖാമിസിന് ഇ മെയില്‍ ചെയ്തിട്ടുണ്ട്. ബാഗേജ് പിടിച്ചുവെച്ചതോടെ ജൂലൈ 3ന് ഇത് തിരിച്ചയക്കാന്‍ യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നു. സ്വര്‍ണം പിടിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് തന്റേതെന്ന് നയതന്ത്ര പ്രതിനിധി കസ്റ്റംസിനെ അറിയിച്ചെന്നും ഹര്‍ജിയിലുണ്ട്.


Tags:    

Similar News