' സുരക്ഷ വേണം'; സ്വപ്ന സുരേഷിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Update: 2022-06-09 01:10 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. സുരക്ഷ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്വപ്ന അപേക്ഷ നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്റെ ആവശ്യം.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ പങ്ക് വെളിപ്പെടുത്തുന്നതാണ് സ്വപ്നയുടെ മൊഴി.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍. തനിക്ക് വധഭീഷണിയുണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

Tags:    

Similar News