സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാന്‍ 30 കോടി വാഗ്ദാനം, തീര്‍ത്തുകളയുമെന്ന് ഭീഷണി; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

Update: 2023-03-09 13:02 GMT

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാന്‍ 30 കോടി വാഗ്ദാനം ചെയ്തുവെന്നും തയ്യാറായില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന സുരേഷ് ആരോപിച്ചത്. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നത്. ഒരാഴ്ചത്തെ സമയം തനിക്ക് തരാം. മക്കളെയും കൊണ്ട് ബംഗളൂരുവിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോവണം. അവിടെ നിന്നും ഒരു മാസത്തിനുള്ളില്‍ യുകെയിലേക്കോ മലേസ്യയിലേക്കോ പോവാന്‍ വിസ നല്‍കാം. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്റെ ആയുസിന് ദോഷംവരുത്തുമെന്നും ഭീഷണിപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞാണ് വിജയ് പിള്ള തന്നെ സമീപിച്ചത്. സ്വപ്‌നയെ തീര്‍ത്തുകളുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞുവെന്നും വിജയ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് വിജയ് പിള്ള വിളിച്ചത്. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്.

കേസ് കെട്ടിച്ചമച്ച് യൂസഫലി തന്നെ കുടുക്കുമെന്ന് വിജയ് പറഞ്ഞു. വിമാനത്താവളത്തില്‍വച്ച് കുടുക്കാന്‍ യുസഫലിക്ക് എളുപ്പമെന്നും അദ്ദേഹം പറഞ്ഞു. യൂസഫലിയുടെ പേര് ഒരു കാരണവശാലും പുറത്തുപറയരുത്. അദ്ദേഹം യുഎഇ കേന്ദ്രീകരിച്ച് തനിക്ക് പണി തരും. ഇദ്ദേഹത്തിന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഷെയറുകളും സംസ്ഥാനത്ത് കൃത്യമായ സ്വാധീനവുമുണ്ടെന്നും വിജയ് പിള്ള പറഞ്ഞു. താന്‍ ഒത്തുതീര്‍പ്പിന് വഴങ്ങുമെന്ന് പിണറായി വിജയന്‍ കരുതരുത്. എന്തുവന്നാലും പിണറായിക്കെതിരേ എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരും.

മുഖ്യമന്ത്രിയും കുടുംബവും തന്നെ ഉപയോഗപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചു. വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറും. ഇഡിയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവരും. മുഖ്യമന്ത്രി കേരളത്തെ കൊള്ളയടിച്ച് മകള്‍ക്ക് വേണ്ടി ഒരു സാമ്രാജ്യം പണിയുകയാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കും. തന്നെ കൊല്ലണമെങ്കില്‍ എം വി ഗോവിന്ദന് മുന്നോട്ടുവരാം. തന്നെ അവസാനിപ്പിച്ചാലും കുടുംബവും അഭിഭാഷകനും കേസുമായി മുന്നോട്ടുപോവുമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News