സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി രാജി വെക്കണം- പി അബ്ദുല്‍ ഹമീദ്

പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ പോലും കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്നതുസംബന്ധിച്ചും സമഗ്രാന്വേഷണം നടത്തണം.

Update: 2022-02-05 14:29 GMT

കോഴിക്കോട്: വിവാദ സ്വര്‍ണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.

സ്വര്‍ണ കള്ളക്കടത്ത് കേസ് പുനരന്വേഷണം നടത്തണം. മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് കേസ് വീണ്ടും അട്ടിമറിക്കപ്പെടാനിടയാകും. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവുമെല്ലാം അന്വേഷണത്തിലൂടെ പുറത്തുവരേണ്ട സുപ്രധാന കേസാണ് അട്ടിമറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വെള്ള പൂശി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കണം. മതിയായ യോഗ്യതയില്ലാതെ ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിയന്ത്രണത്തില്‍ ജോലി നേടിയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

എല്ലാ അഴിമതിയും ആസൂത്രണം ചെയ്തു നടപ്പാക്കിയ ശേഷം കുറ്റാരോപിതരായ ചിലരുടെ മേല്‍ പഴിചാരി നല്ല പിള്ള ചമയാനുള്ള മുഖ്യമന്ത്രിയുടെ വിഫലശ്രമം പരിഹാസ്യമാണ്. പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ പോലും കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്നതുസംബന്ധിച്ചും സമഗ്രാന്വേഷണം നടത്തണം.

കേസ് എന്‍ഐഎ അന്വേഷണത്തിലെത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ മൂലമാണെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലും ഗൗരവതരമാണ്. സംസ്ഥാനത്തെ എന്‍ഐഎ അന്വേഷണങ്ങളെല്ലാം മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും ഇടപെടല്‍ മൂലമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ പ്രതികളാക്കി വിവിധ കേസുകളാണ് സംസ്ഥാനത്ത് എന്‍ഐഎക്ക് കൈമാറിയത്. ഇതെല്ലാം ഇടതു സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണെന്ന് വ്യക്തമായിരിക്കുന്നു.

എന്‍ഐഎയ്ക്കും യുഎപിഎയ്ക്കും എതിരാണ്് തങ്ങളെന്ന് വായ്ത്താരി പറയുന്ന സിപിഎമ്മും ഇടതു സര്‍ക്കാരും പിന്‍വാതിലിലൂടെ കേന്ദ്ര ഏജന്‍സികളെയും ഭീകര നിയമങ്ങളെയും ദുരുപയോഗം ചെയ്ത് സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ഗൂഢ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കേന്ദ്ര ഏജന്‍സികളെ സംസ്ഥാനത്ത് സൈ്വര്യവിഹാരം നടത്താന്‍ അവസരമൊരുക്കുകയും മറുവശത്ത് ഏജന്‍സികള്‍ക്കെതിരേ പ്രസംഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യം തിരിച്ചറിയണമെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.

Tags:    

Similar News