സ്വപ്നയെ 'പുറത്താക്കി'യത് എച്ച്ആര്‍ഡിഎസിനെതിരായ അന്വേഷണത്തിന് തടയിടാനുള്ള നാടകം
മുന്‍ സിപിഎം നേതാക്കള്‍ ഇപ്പോള്‍ എച്ച്ആര്‍ഡിഎസിന്റെ തലപ്പത്ത് ഉണ്ടെന്നതിനു പുറമെ, സിപിഎം-ആര്‍എസ്എസ് ഡീലും അന്വേഷണങ്ങള്‍ അട്ടിമറിയാന്‍ കാരണമായെന്ന ആക്ഷേപമാണ് പുറത്തു വന്നത്
പി സി അബ്ദുല്ല
പാലക്കാട്:സ്വപ്നസുരേഷിനെ എച്ച്ആര്‍ഡിഎസ് 'പുറത്താക്കി'യതിനു പിന്നില്‍ സര്‍ക്കാര്‍ സംഘപരിവാര ഒത്തുകളി.എച്ച് ആര്‍ഡിഎസിനെതിരായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ മരവിപ്പിക്കാനുള്ള നാടകമായാണ് സ്വപ്നക്കെതിരായ നടപടിയെന്നാണ് വലയിരുത്തപ്പെടുന്നത്.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആര്‍ഡിഎസ് സ്വപ്നക്ക് ജോലി നല്‍കിയതോടെയാണ് വിവാദത്തിലായത്. പാലക്കാട് അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ നിരവധി പരാതികളുയര്‍ന്നിരുന്നു.എന്നാല്‍,പിണറായി സര്‍ക്കാര്‍ കണ്ണടച്ചു.സ്വപ്നക്കു ജോലി നല്‍കിയതോടെയാണ് എച്ച്ആര്‍ഡിഎസിനെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
എച്ച്ആര്‍ഡിഎസിന്റെ ഗുരുതരമായ ഒട്ടേറെ നിയമ ലംഘനങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ മൗനത്തിലായിരുന്നു. മുന്‍ സിപിഎം നേതാക്കള്‍ ഇപ്പോള്‍ എച്ച്ആര്‍ഡിഎസിന്റെ തലപ്പത്ത് ഉണ്ടെന്നതിനു പുറമെ, സിപിഎം-ആര്‍എസ്എസ് ഡീലും അന്വേഷണങ്ങള്‍ അട്ടിമറിയാന്‍ കാരണമായെന്ന ആക്ഷേപമാണ് പുറത്തു വന്നത്. വിവിധ പരാതികളില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എച്ച്ആര്‍ഡിഎസിനെതിരെ കേസെടുത്ത് രണ്ട് വര്‍ഷത്തിലധികം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ആദിവാസി ഭൂമി കൈയ്യേറ്റത്തിന് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ വരെ എച്ച്ആര്‍ഡിഎസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതിന് പിന്നാലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.
പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ മാത്രം എഎച്ച്ആര്‍ഡിഎസിനെതിരെ രജിസ്റ്റര്‍ ചെയ്തത് മൂന്ന് കേസുകളാണ്. ഇതില്‍ ആദിവാസി ഭൂമി കൈയ്യേറ്റവും ഉള്‍പ്പെടും.ഇത് കൂടാതെ എച്ച്ആര്‍ഡിഎസിന്റെ ഗുരുതര നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് അഞ്ച് അന്വേഷണ റിപോര്‍ട്ടുകളും സര്‍ക്കാരിന്റെ കൈവശമുണ്ട്.നിയമം ലംഘിച്ചാണ് ആദിവാസി ഭൂമിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ജില്ലാ കലക്ടറുടെ റിപോര്‍ട്ട്,അനധികൃത മരുന്ന് വിതരണം നടത്തിയ സംഭവത്തില്‍ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ട്,എച്ച്ആര്‍ഡിഎസ് നിര്‍മ്മിച്ച വീടുകള്‍ക്ക് ഗുണനിലവാരമില്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണ്ടെത്തല്‍. ഈ വീടുകള്‍ താമസ യോഗ്യമല്ലെന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപോര്‍ട്ട്,ആദിവാസി മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങളിലെ നിയമ ലംഘനങ്ങളെക്കുറിച്ച് ഒറ്റപ്പാലം സബ് കലക്ടറുടെയും ഐടിഡിപി പ്രോജക്റ്റ് ഓഫിസറുടെയും റിപോര്‍ട്ടുകള്‍.കേസുകള്‍ക്കും റിപോര്‍ട്ടുകള്‍ക്കും രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ട്. എന്നിട്ടും എച്ച്ആര്‍ഡിഎസിനതിരെ ഒരു നടപടിയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ല.