സിറിയയില്‍ തിരഞ്ഞെടുപ്പിന് നാലുവര്‍ഷം കാത്തിരിക്കണം: അബൂ മുഹമ്മദ് അല്‍ ജൂലാനി
കെയ്‌റോ: സിറിയയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ നാലു വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് വിമത വിഭാഗത്തിന്റെ നേതാവായ അബൂ മുഹമ്മദ് അല്‍ ജൂലാനി. രാജ്യത്ത് പുതിയ ഭരണഘടന കൊണ്ടുവരാന്‍ മൂന്നു വര്‍ഷം സമയം എടുത്തേക്കാമെന്നും സൗദി ചാനലായ അല്‍ അറബിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്രായേലുമായി സിറിയക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ദമസ്‌കസിന്റെ പുതിയ ഗവര്‍ണറായ മാഹിര്‍ മുഹമ്മദ് മര്‍വാന്‍ പറഞ്ഞു. ഇസ്രായേലുമായി നല്ല ബന്ധമുണ്ടാക്കാന്‍ യുഎസ് സഹായിക്കണമെന്നും ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ''ഇസ്രായേലിനെ ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങളുടെ പ്രശ്‌നം ഇസ്രായേല്‍ അല്ല. ഇസ്രായേലിന്റെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന ഒന്നും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല.''- മാഹിര്‍ മുഹമ്മദ് മര്‍വാന്‍ വിശദീകരിച്ചു. '' ഇസ്രായേലിന് ആദ്യം അല്‍പ്പം ഭയം തോന്നിയിരിക്കാം. അതുകൊണ്ടാണ് അവര്‍ അല്‍പ്പം മുന്നേറിയത്, അല്‍പ്പം ബോംബിട്ടത്. ഇസ്രായേലിന്റെ ഭയം സ്വാഭാവികമാണ്.''-അദ്ദേഹം പറഞ്ഞു. ഫലസ്തീനികളെ അടിച്ചോടിച്ച് 1948ല്‍ ഫലസ്തീന്‍ രൂപീകരിച്ച ശേഷം സിറിയ ഇസ്രായേലുമായി നയതന്ത്രബന്ധം വെച്ചിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി യുദ്ധങ്ങളും നടന്നു.
അതേസമയം, റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി അല്‍ അറബിയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അല്‍ ജൂലാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ രാജ്യവുമായി സിറിയയ്ക്ക് ബന്ധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ലദാക്കിയ അടക്കമുള്ള പ്രദേശങ്ങളില്‍ പുതിയ സായുധകലാപം രൂപപ്പെടുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം വിമതരുടെ 14 സുരക്ഷാ സൈനികരെ സായുധസംഘങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷം ഏകദേശം 300 പേരെയാണ് ഇടക്കാല സര്‍ക്കാരിന്റെ സൈന്യം അറസ്റ്റ് ചെയ്തിരിക്കുന്നത്.