ജാര്‍ഖണ്ഡിലെ തല്ലിക്കൊല: 10 പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും പിഴയും

Update: 2023-07-05 15:01 GMT

ജാര്‍ഖണ്ഡ്: മോഷണക്കുറ്റം ആരോപിച്ച് ജാര്‍ഖണ്ഡില്‍ തബ് രീസ് അന്‍സാരി എന്ന മുസ് ലിം യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ പ്രതികളായ 10 പേര്‍ക്ക് കോടതി 10 വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു. രണ്ടുപേരെ തെളിവില്ലെന്നു പറഞ്ഞ് കോടതി വെറുതെവിടുകയും ഒരാള്‍ വിചാരണയ്ക്കിടെ മരണപ്പെടുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പ്രകാശ് മണ്ഡല് എന്ന പപ്പു മണ്ഡല്‍ നേരത്തെ ജയിലിലാണ്. മറ്റു പ്രതികളെ കോടതി ശിക്ഷിച്ച ശേഷം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളിലൊരാളായ കുശാല്‍ മഹാലി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. പ്രകാശ് മണ്ഡലിന് പുറമെ ഭീംസെന്‍ മണ്ഡല്‍, കമല്‍ മഹാതോ, മദന്‍ നായക്, അതുല്‍ മഹാലി, സുനാമോ പ്രധാന്‍, വിക്രം മണ്ഡല്‍, ചാമു നായക്, പ്രേംചന്ദ് മഹാലി, മഹേഷ് മഹാലി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. ഇക്കഴിഞ്ഞ ജൂണ്‍ 27ന് അഡീഷനല്‍ ജില്ലാ ജഡ്ജി അമിത് ശേഖര്‍ പ്രതികളായ 10 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയും രണ്ടുപേരെ തെളിവില്ലെന്നു പറഞ്ഞ് വെറുതെ വിടുകയും വിധി പറയാന്‍ മാറ്റിവയ്ക്കുകയുമായിരുന്നു. കര്‍ശന സുരക്ഷയ്ക്കിടയില്‍ ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് കോടതി ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 15,000 രൂപ വീതം പിഴയടക്കണമെന്നും കോടതി വിധിച്ചു.

    2019ല്‍ നടന്ന കൊലക്കേസിലാണ് സറൈകേല-ഖാര്‍സ്വാന്‍ ജില്ലാ കോടതി ഇന്ന് വിധി പറഞ്ഞത്. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് 2019 ജൂണ്‍ 17ന് ഒരു സംഘം ഹിന്ദുത്വര്‍ തബ് രീസ് അന്‍സാരിയെ ക്രൂരമായി മര്‍ദ്ദിച്ചത്. 24 കാരനായ യുവാവിനെ മര്‍ദ്ദിക്കുന്നതിനിടെ 'ജയ് ശ്രീറാം', 'ജയ് ഹനുമാന്‍' എന്നിവ വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ക്രൂരമര്‍ദ്ദനമേറ്റ് അഞ്ചാമത്തെ ദിവസമാണ് യുവാവ് മരണപ്പെട്ടത്. സംഭവം ദേശീയ തലത്തില്‍ വന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു.

    ബിജെപി ഭരിച്ചിരുന്നപ്പോഴുണ്ടായ തല്ലിക്കൊല പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തബ് രീസിന്റെ ഭാര്യ ഷഹിസ്താ പര്‍വീനാണ് കുറ്റവാളികള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയത്. പൂനെയില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്ന അന്‍സാരി ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജൂണ്‍ 17ന് രാത്രി ധത്കിദിഹ് ഗ്രാമത്തില്‍ ഹിന്ദുത്വര്‍ പിടികൂടുകയും രാത്രി മുഴുവന്‍ തൂണില്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. തബ് രീസ് അന്‍സാരിക്കു വേണ്ടി അഡ്വ. അല്‍ത്താഫ് ഹുസയ്‌നും പ്രോസിക്യൂഷനു വേണ്ടി അഡ്വ. അശോക് കുമാര്‍ റായിയുമാണ് ഹാജരായത്.

Tags:    

Similar News