മരണം വരെ നിരാഹാരം; ഭീഷണിയുമായി ഹിന്ദുത്വര്‍ തല്ലിക്കൊന്ന തബ്രീസിന്റെ ഭാര്യ
പോസ്റ്റ് മോര്‍ട്ടത്തിന്റേയും തബ്രീസ് അന്‍സാരിയെ ചികില്‍സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചികില്‍സയുടേയും റിപോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നാണ് സഹിസ്ത പര്‍വേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്.
റാഞ്ചി: ജാര്‍ഖണ്ഡ് ഭരണകൂടത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്ന തബ്രീസ് അന്‍സാരിയുടെ ഭാര്യ സഹിസ്ത പര്‍വേഷ്. പോസ്റ്റ് മോര്‍ട്ടത്തിന്റേയും തബ്രീസ് അന്‍സാരിയെ ചികില്‍സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചികില്‍സയുടേയും റിപോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നാണ് സഹിസ്ത പര്‍വേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്.
സഹിസ്തയും തബ്രീസിന്റെ അമ്മാവനായ മുഹമ്മദ് മന്‍സൂര്‍ ആലമും സെറായ്‌കേല-കര്‍സവാന്‍ ഡപ്യൂട്ടി കമ്മീഷണര്‍ ആന്‍ജനേയുലു ഡോഡിയെ സന്ദര്‍ശിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ നിര്‍ണാക രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് സെറായ്‌കേല-കര്‍സവാന്‍ പോലിസ് സൂപ്രണ്ട് കാര്‍ത്തികിനേയും നേരിട്ട് കണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
പോലിസിന്റെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണ് ധട്കിഡിഹ് പ്രദേശവാസികള്‍ നടത്തിയ ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് സെറൈകേല ജില്ലാ ആസ്ഥാന ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ജൂണ്‍ 22ന് തന്റെ ഭര്‍ത്താവ് മരണപ്പെട്ടതെന്ന് ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിച്ച മെമ്മറാണ്ടത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.
തന്റെ നിയമ പോരാട്ടങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെയും മെഡിക്കല്‍ റക്കോര്‍ഡുകളുടെയും പകര്‍പ്പ് ആവശ്യമാണെന്നും അവര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം സംബന്ധിച്ച വസ്തുതകള്‍ കോടതിയില്‍ പോലിസ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും ഐപിസി 302ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷയ്ക്ക് പകരം ഐപിസി 304ാം വകുപ്പാണ് പ്രതികള്‍ക്കെതിരേ ചുമത്തിയതെന്നും അവര്‍ പറഞ്ഞു. ആഗസ്ത് 30ന് തബ്രീസിന്റെ കുടുംബാംഗങ്ങള്‍ ഈ പ്രധാന രേഖകള്‍ തേടിയിരുന്നുവെങ്കിലും റിപോര്‍ട്ടുകള്‍ അവര്‍ക്ക് നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.