'കാബൂള്‍ വിമാനത്താവളത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ല'; സംയമനം തുടരുമെന്ന് താലിബാന്‍

Update: 2021-08-21 11:38 GMT

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചതോടെ കാബൂള്‍ വിമാനത്താവളത്തില്‍ ആരംഭിച്ച സംഘര്‍ഷാവസ്ഥ തുടരുന്നു. രാജ്യം വിട്ടു പോകുന്ന വിദേശികളേയും യുഎസ് സൈനിക ഉദ്യോഗസ്ഥരേയും അഫ്ഗാന്‍ സര്‍ക്കാറിന്റെ ഭാഗമയിരുന്നവരെയും കൊണ്ട് കാബൂള്‍ വിമാനത്താവളം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്ന സംഘര്‍ഷത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് താലിബാന്‍ വ്യക്തമാക്കി. 'ഞങ്ങളുടെ പോരാളികള്‍ സംയമനം തുടരും'. താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ തിരക്ക് വലിയ സംഘര്‍ഷത്തിന് കാരണമായതോടെ നേരത്തെ യുഎസ് സൈനികര്‍ വെടിയുതിര്‍ത്തിരുന്നു. വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത യുഎസ് സൈനികര്‍ യുഎസ് ഉദ്യോഗസ്ഥരെയും സൈനികരേയും സുരക്ഷിതമായി നാട് കടത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, വിദേശികള്‍ക്കെതിരേ താലിബാന്‍ ആക്രമണം നടത്തുന്നതായുള്ള വാര്‍ത്ത താലിബാന്‍ വക്താവ് നിഷേധിച്ചു. വിദേശികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും രാജ്യം വിടുന്നതിന് മുന്നോടിയായി ചിലരെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും താലിബാന്‍ വ്യക്തമാക്കിയതായി റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News