എല്‍ടിടിഇ നിരോധനം നീക്കും; വാഗ്ദാനവുമായി ഡിഎംകെ സഖ്യകക്ഷിയായ എംഡിഎംകെ

ശ്രീലങ്കയില്‍ തമിഴരെ കൊന്നതിന് ഉത്തരവാദികളായവരെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും എംഡികെയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

Update: 2021-03-18 10:40 GMT

ചെന്നൈ: സംസ്ഥാനത്ത് ശ്രീലങ്കന്‍ തമിഴ് പുലികള്‍ക്കുള്ള (എല്‍ടിടിഇ) നിരോധനം നീക്കുമെന്ന വാഗ്ദാനവുമായി തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ. ശ്രീലങ്കയില്‍ തമിഴരെ കൊന്നതിന് ഉത്തരവാദികളായവരെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും എംഡികെയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

നിയമസഭയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം,സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 30 ശതമാനം പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം എന്നിവയും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ തദ്ദേശവാസികള്‍ക്ക് 90 ശതമാനം സംവരണം നല്‍കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും ആണവ വൈദ്യുത പ്ലാന്റുകള്‍ അടച്ചുപൂട്ടുമെന്നും വാഗ്ദാനം ചെയ്തു. സമ്പൂര്‍ണ മദ്യ നിരോധനത്തിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈക്കോ തമിഴ്‌നാട്ടിലുടനീളം 3,000 കിലോമീറ്റര്‍ യാത്ര നടത്തുമെന്നും മദ്യനിരോധനത്തെത്തുടര്‍ന്ന് വരുമാനനഷ്ടം എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപംനല്‍കിയതായും പ്രകടനപത്രികയില്‍ പറയുന്നു.




Tags:    

Similar News