തമിഴ്‌നാട്ടില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു; ഒരാള്‍ക്ക് പരിക്ക്
ചെന്നൈ: ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാഗപട്ടണത്തു നിന്നും മീന്‍പിടുത്തത്തിന് പോയവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെല്‍വനാണ് പരിക്കേറ്റത്.
ജൂലൈ 28ന് നാഗപട്ടണത്ത് നിന്നും പോയ മല്‍സ്യബന്ധന ബോട്ടില്‍ 10 തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് നാഗപ്പട്ടണം ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീലങ്കന്‍ നാവിക സേന തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.15ഓടെ തങ്ങളെ വളഞ്ഞതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. സമുദ്രാതിര്‍ത്തി കടന്നതായും അവിടെ നിന്ന് തിരിച്ച് പോകണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ വെടിവയ്പ്പില്‍ ഒരു തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു. ഈ മേഖലയിലുണ്ടായിരുന്ന നിരവധി ബോട്ടുകള്‍ക്ക് നേരെ ലങ്കന്‍ സേന വെടിയുതിര്‍ത്തതായും തൊഴിലാളികള്‍ ആരോപിച്ചു.