യാസിര്‍ അമീന്‍
ഏതുകാലത്തായാലും തമിഴ് സിനിമ കൃത്യമായ രാഷ്ട്രീയം സംസാരിക്കാറുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവന്റെ, ചൂഷണം ചെയ്യപ്പെടുന്നവന്റെ, അവര്‍ണന്റെ കഥകളാണ് മുഖ്യധാരാ തമിഴ് സിനിമകള്‍ പോലും പറയാറുള്ളത്. മസാല ചേരുവകള്‍ കുത്തിനിറച്ച പടങ്ങളില്‍ പോലും അടിച്ചമര്‍ത്തപ്പെട്ടവന്റെ ചരിത്രം കൃത്യമായി തമിഴ് സിനിമ സംസാരിക്കാറുണ്ട. അതെല്ലാം ആ മണ്ണിന്റെ ഗുണം കൊണ്ടാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്ന തമിഴ് സിനികളുടെ പട്ടികയിലേക്ക് ചേര്‍ത്തുവെക്കാവുന്ന സിനിമയാണ് ടാണാക്കാരന്‍. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്തതും പറയാത്തതുമായ ഒരു പോലിസ് സ്‌റ്റോറി പറയുന്ന ചിത്രമാണ് ടാണാകാരന്‍. തമിഴ് എന്ന പുതുമുഖ സംവിധായകന്റേതായി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സിനിമയാണ് ടാണാക്കാരന്‍.
പലതരത്തിലുള്ള പോലിസ് സ്‌റ്റോറികള്‍ ഇന്ത്യന്‍ സിനിമയില്‍ വന്നുപോയിട്ടുണ്ട്. െ്രെകമുമായി ബന്ധപ്പെട്ട കഥകളായിരുന്നു അതില്‍ പകുതിയില്‍ അധികവും. എന്നാല്‍ പോലിസ് സേനയ്ക്ക് അകത്തുള്ള കഥകള്‍ പറയുന്ന സിനിമകള്‍ വളരെ കുറച്ച് മാത്രമെ സംഭവിച്ചിട്ടുള്ളു. പോലിസ് സേനയ്ക്കകത്തെ കഥ പറയുന്ന സിനിമയാണ് ടാണാകാരന്‍. വെറും സിനിമ എന്ന് പറഞ്ഞാല്‍ മതിയാകില്ല. ഗംഭീര സിനിമയാണ് ഇത്. പ്രണയം, പാട്ട് തുടങ്ങിയ ചില നിര്‍ബന്ധ മസാലചേരുവകള്‍ ഈ സിനിമയിലും ഉണ്ട്. അവ ഇല്ലായിരുന്നുവെങ്കില്‍ എന്ന് സിനിമക്ക് ഇടക്കെപ്പോഴോ തോന്നിപോയി എന്നതൊഴിച്ചാല്‍ അതിഗംഭീരം എന്ന് പറയാവുന്ന സിനിമയാണ് ടാണാക്കാരന്‍. 12 വര്‍ഷത്തിലധികമുള്ള പോലിസ് സേനയിലെ അനുഭവം തന്നെയാണ് തമിഴ് എന്ന സംവിധായകന് ഈ സിനിമയൊരുക്കാനുള്ള കരുത്തായിട്ടുണ്ടാകുക. വളരെ യാഥാര്‍ത്ഥ്യത്തോടെയാണ് ഒരോ സീനും ചിത്രീകരിച്ചിട്ടുള്ളത്. ജയ്ഭീം എന്ന സൂര്യാസിനിമയില്‍ പോലിസുകാരനായി തന്നെ തമിഴ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതില്‍ നായകനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന പോലിസുകാരനായിരുന്നു തമിഴ്. അന്ന് പൊതുജനങ്ങള്‍ തന്നെ വളഞ്ഞിട്ട് അടിക്കുമെന്ന് പേടിച്ച് നായകനും നായികുമൊപ്പം ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ തമിഴ് പോസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. അത്ര റിയലിസ്റ്റിക്കായിരുന്നു തമിഴിന്റെ അഭിനയം. അനുഭവം തന്നെയാകാം ഗുരു. അനുഭവിത്തിലും അഭിനയത്തിലുമുള്ള ആ ഒരു റിയലിസ്റ്റിക്ക് അപ്രോച്ച് ഈ സിനിമയിലും നമുക്ക്് കാണാന്‍ കഴിയും. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റ് ആയാണ് തമിഴ് സിനിമയിലേക്ക് വരുന്നത്. അതിനാല്‍ തന്നെ വെട്രിമാരന്റെ മേക്കിങ് സ്‌റ്റൈല്‍ തന്നെയാണ് ഒരു പരിധി വരെ തമിഴിന്റെതും.
പശ്ചാതലത്തില്‍ പോലിസിന്റെ ചരിത്രം പറയുന്ന ഓപനിങ് ക്രെഡിറ്റോടുകൂടിയാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ രാഷ്ട്രീയം എന്താണെന്ന് ഓപണിങ് ക്രെഡിറ്റില്‍ തന്നെ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. 1997ലാണ് കഥ നടക്കുന്നത്. തിരുന്നല്‍വേലി ജില്ലയിലുള്ളൊരു പോലീസ് െ്രെടയ്‌നിങ് ക്യാമ്പാണ് കഥ നടക്കുന്ന ഇടം. പോലീസ് സേനക്കുള്ളിലെ ജാതീയത, അടിച്ചമര്‍ത്തല്‍, പകപോക്കല്‍, അവരുടെ മാനസികാരോഗ്യം തുടങ്ങി നിരവധി കാര്യങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതേ വര്‍ഷം തന്നെ ഇറങ്ങിയ റൈറ്റര്‍ എന്ന സിനിമയും ഇത്തരമൊരു തീം തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ടണാകാരന്‍ കുറച്ചുകൂടെ അകകാമ്പിലേക്ക് സഞ്ചരിക്കുന്നുണ്ട്. റൈറ്റര്‍ സ്‌റ്റേഷനിലെ നെറികേടുകളെയും അനീതികളേയുമാണ് തുറന്നുകാട്ടിയതെങ്കില്‍ ടണാകാരന്‍ അന്വേഷിക്കുന്നത് ഒരു പോലീസുകാരന്‍ എന്തുകൊണ്ട് മനുഷ്യത്വരഹിതമായി പൊതുജനങ്ങളോട് പെരുമാറുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ഒരു സാമൂഹിക വിരുദ്ധന്‍ പിറവികൊള്ളുന്നത് അവന്റെ വീട്ടില്‍ നിന്നുതന്നെയാണെന്ന് പറയുന്നപോലെ, മനുഷ്യത്വരഹിതമായി പെരുമാറുന്ന ഒരു പോലീസുകാരന്‍ പിറവികൊള്ളുന്നത് െ്രെടയ്‌നിങ് ക്യാമ്പില്‍ നിന്നാണ് ഈ സിനിമ കണ്ടാല്‍ നമുക്ക് ബോധ്യമാകും. ഉള്ളില്‍ അല്‍പ്പമെങ്കിലും സഹജീവിസ്‌നേഹവും കരുണയും ഉള്ളവന്‍ െ്രെടയ്‌നിങ് പൂര്‍ത്തിയാക്കും മുമ്പ് ആത്മഹത്യ ചെയ്യുകയോ ക്യാമ്പ് വിട്ട് ജീവനുംകൊണ്ട് ഓടുകയോ ചെയ്യും. അതാണ് സിനിമ പറയുന്നത്. എന്നാല്‍ അനീതിയോട് പടവെട്ടി വിജയിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ള അറിവ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ടാണാകാരന്‍. മേലുദ്യോഗസ്ഥന്‍ ജാതിയെന്താണെന്ന് ചോദിക്കുമ്പോള്‍ പബ്ലിക്കില്‍ ഒരിക്കലും ജാതി പറയില്ല എന്ന നിലപാടു പ്രഖ്യാപിക്കുന്ന അറിവെന്ന ചെറുപ്പക്കാരന്റെ കഥയാണ് ടാണാകാരന്‍.
ശിപ്പായി അല്ലെങ്കില്‍ കോണ്‍സ്റ്റബിള്‍ എന്നൊക്കെയാണ് ടാണാക്കാരന്‍ എന്ന വാക്കിന് അര്‍ത്ഥം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കെതിരേ ഉപയോഗിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഏര്‍പ്പാടാക്കിയ ഇന്ത്യക്കാരുടെ തന്നെ സേനയാണ് ഇന്ത്യന്‍ പോലിസ്. ഒരിറ്റുപോലും മനുഷ്യത്തമില്ലാതെ സമരത്തെ അടിച്ചമര്‍ത്തുക എന്നതുമാത്രമായിരുന്നു ആ സേനയുടെ രൂപീകരണ ലക്ഷ്യം. അതിന് ആവശ്യമായ പരിശീലനം തന്നെയാണ് ബ്രിട്ടീഷുകാര്‍ സേനയ്ക്ക് നല്‍കിയിരുന്നു. ദുഖകരമായ സത്യമെന്തെന്നാല്‍ അതെ പരീശീലന രീതി തന്നെയാണ് പോലീസ് സേന ഇന്നും പിന്തുടരുന്നത്. അതിനെ തന്നെയാണ് ടാണാകാരന്‍ എന്ന ഈ സിനിമ വിമര്‍ശിക്കുന്നതും. ജാതി വിവേചനത്തേയും സിനിമ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പ്രധാനകാര്യം സിനിമയില്‍ അഭിനയിച്ചവരുടെ പ്രകടനമാണ്. നെഗറ്റീവ് റോളിലെത്തുന്ന മലയാള നടന്‍ ലാല്‍ അസാധ്യപ്രകടനമാണ് കാഴ്ചവെക്കുന്നത്. നായകനായി എത്തുന്ന വിക്രം പ്രഭുവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. മികച്ച ഒരു സിനിമാനുഭവമാണ് ടാണാകാരന്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. കാണുക.