
മലപ്പുറം: താനൂര്‍ ഒട്ടുംപുറം ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 21 ആയി. ഒരു കുടുംബത്തിലെ 10ലേറെ പേര്‍ മുതല്‍ സിവില്‍ പോലിസ് ഓഫിസര്‍ വരെ മരണപ്പെട്ടവരിലുണ്ട്. കൈക്കുഞ്ഞ് ഉള്‍പ്പെടെ ആറ് കുട്ടികളാണ് മരണപ്പെട്ടത്. തൂവല്‍തീരത്ത് അപകടത്തില്‍പ്പെട്ട വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടില്‍ നാല്‍പതിലധികം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നുണ്ട് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉര്‍ന്നേക്കും. അപകട സ്ഥലത്ത് വിശദമായ തിരച്ചില്‍ നടത്തുന്നതിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. ബോട്ടില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഔദ്യോഗികമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
ഏകോപിതമായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരു്‌നനു. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടലാണ് നടത്തുന്നത്. താനൂര്‍, തിരൂര്‍ ഫയര്‍ യൂനിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. മന്ത്രിമാരായ വി.അബ്ദുറഹിമാനും പി എ മുഹമ്മദ് റിയാസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.