താനൂര്‍ ബോട്ട് ദുരന്തം; തിങ്കളാഴ്ച ദുഃഖാചരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നിരവധി പേര് മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് നാളെ ദുഖാചരണം. മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച അപകടം നടന്ന താനൂരില്‍ എത്തും. പ്രതിപക്ഷ നേതാവ് വി ഡി ഡി സതീശനും അപകടസ്ഥലം സന്ദര്‍ശിക്കും. തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്ക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.