താനൂര്‍ ബോട്ട് ദുരന്തം: അന്വേഷണത്തിന് 14 അംഗ പ്രത്യേകസംഘം

Update: 2023-05-08 13:56 GMT

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള 14 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. താനൂര്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്, തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, മലപ്പുറം എഎസ്‌ഐ ജയപ്രകാശ് എന്നിവരും സംഘത്തിലുണ്ട്. പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ പോലിസ് മേധാവിയാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. അതിനിടെ, കോഴിക്കോട്ട് നിന്ന് അറസ്റ്റിലായ ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെ ഉടന്‍ താനൂര്‍ പോലിസിനു കൈമാറും.

    വൈകീട്ട് ആറോടെ കോഴിക്കോട്ട് നിന്നാണ് നാസറിനെ കസ്റ്റഡിഡിയിലെടുത്തത്. അപകടത്തിനു പിന്നാലെ നാസറും െ്രെഡവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒളിവില്‍ പോയിരുന്നു. പാലാരിവട്ടം പോലിസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് നാസര്‍ വിളിച്ചതായി നേരത്തെ പോലിസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഉച്ചയോടെ നാസറിന്റെ വാഹനം പോലിസ് കൊച്ചിയില്‍ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. നാസര്‍ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളും അയല്‍വാസിയുമാണ് വാഹനത്തിലുണ്ടായിരുന്നത്്. ഇവരെയും താനൂര്‍ പോലിസിന് കൈമാറുമെന്നാണ് സൂചന.

Tags:    

Similar News