താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ അറസ്റ്റില്‍; ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് റിമാന്‍ഡ് റിപോര്‍ട്ട്

Update: 2023-05-10 07:04 GMT

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഡ്രൈവര്‍ ദിനേശനെ പോലിസ് പിടികൂടി. താനൂരില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഡ്രൈവര്‍ക്ക് ബോട്ട് ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അപകടം വരുത്തിയ അറ്റ്‌ലാന്റിക്ക എ്‌ന ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്‌റ്റെപ്പുകള്‍ ഉണ്ടായിരുന്നതായും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇയാളെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പോലിസ് അപേക്ഷ നല്‍കും.

    അതിനിടെ, താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍, ഐഎന്‍എല്‍ സംസ്ഥന വര്‍ക്കിങ് പ്രസിഡന്റ് കെ പി ഇസ്മയില്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Tags:    

Similar News