ടാറ്റാ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍

Update: 2022-03-14 13:11 GMT

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ടാറ്റാ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരനെ നിയമിച്ചു. എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നേരത്തെ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യനെ എയര്‍ലൈന്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്തും. 2016 ഒക്ടോബറില്‍ ടാറ്റാ സണ്‍സ് ബോര്‍ഡില്‍ ചേര്‍ന്ന ചന്ദ്രശേഖരന്‍ 2017 ജനുവരിയില്‍ ചെയര്‍മാനായി നിയമിതനായി.

ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ പവര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയുള്‍പ്പെടെ നിരവധി ഗ്രൂപ്പ് ഓപറേറ്റിങ് കമ്പനികളുടെ ബോര്‍ഡുകളുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 2009-17 കാലഘട്ടത്തില്‍ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്നു. ടിസിഎസിലെ 30 വര്‍ഷത്തെ ബിസിനസ് ജീവിതത്തിനൊടുവിലാണ് ചെയര്‍മാനായി അദ്ദേഹത്തിന്റെ നിയമനം.

പ്രമുഖ ആഗോള ഐടി സൊല്യൂഷന്‍ ആന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവായി തുര്‍ക്കിയിലെ ഇല്‍ക്കര്‍ ഐസിയെ ടാറ്റാ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിനെതിരേ എതിര്‍പ്പുമായി ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നിരസിക്കുകയാണെന്ന് മെഹ്മത് ഇല്‍കര്‍ എയ്‌സി പ്രഖ്യാപിച്ചു.

തുര്‍ക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് ത്വയ്യിബ ഉര്‍ദൂഗാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണെന്ന് പറഞ്ഞ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) കോ- ഓഡിനേറ്റിങ് കണ്‍വീനര്‍ അശ്വനി മഹാജനാണ് രംഗത്തുവന്നത്. തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് മെഹ്മത് ഇല്‍കര്‍ എയ്‌സി.

Tags:    

Similar News