കറുത്ത ഷാള്‍ ധരിച്ചു; തൊക്കിലങ്ങാടി സ്‌കൂളില്‍ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

Update: 2022-02-26 05:35 GMT

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മെരുവമായി സ്വദേശിനി ഹിബ, മൂരിയാട് സ്വദേശിനികളായ ഷഹാന, നിദ തുടങ്ങിയ വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടികളെ കുത്തുപറമ്പ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനാണ് വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വെളുത്ത ഷാളിന് പകരം കറുപ്പ് ഷാള്‍ ധരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥിനികളെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്.

കസേരകൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ ഇതിന് മുമ്പും കറുത്ത ഷാള്‍ ധരിച്ച് വിദ്യാര്‍ഥിനികളെത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച കായിക അധ്യാപകന്‍ നിധിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നും വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച എസ്ഡിപിഐ മണ്ഡലം നേതാക്കള്‍ ആവശ്യപ്പെട്ടു. കുത്തുപറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദലി, ബ്രാഞ്ച് സെക്രട്ടറി ഖലീല്‍ കൂത്തുപറമ്പ്, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീര്‍വേലി എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചു.

Tags:    

Similar News