മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണര്‍ക്കെതിരേ ഉദ്ധവ് താക്കറെ പക്ഷം സുപ്രിംകോടതിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ പുതിയ നീക്കം. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഏക്‌നാഥ് ഷിന്‍ഡയെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടിക്കെതിരേയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നിയമസഭയില്‍ തിങ്കളാഴ്ച നടന്ന അവിശ്വാസ വോട്ടെടുപ്പിനെയും ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
16 എംഎല്‍എമാരെ അയോഗ്യരാക്കിയതു സംബന്ധിച്ച സുപ്രിംകോടതിയുടെ തീരുമാനം വരാനിരിക്കെ വിശ്വാസ വോട്ടെടുപ്പ് നടത്തിയത് നിയമവിരുദ്ധമാണെന്നാണ് താക്കറെ പക്ഷത്തിന്റെ വാദം. അയോഗ്യരാക്കാനുള്ള നടപടികള്‍ നിലനില്‍ക്കുന്ന 16 വിമത എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനും ഭൂരിപക്ഷം തെളിയിക്കുന്നതിനുമായി നിയമസഭയില്‍ വോട്ടുചെയ്ത എല്ലാ വിമത എംഎല്‍എമാര്‍ക്കെതിരെയും ഉദ്ധവ് താക്കറെയുടെ സംഘം പുതിയ അയോഗ്യതാ നടപടികള്‍ ആരംഭിച്ചു.
ഷിന്‍ഡെയുടെ പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സുപ്രിംകോടതി തീരുമാനമെടുക്കണമെന്ന് സുഭാഷ് ദേശായി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റഫേല്‍ വിമാനത്തേക്കാള്‍ വേഗത്തിലായിരുന്നു ഗവര്‍ണറുടെ നടപടിയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ജൂണ്‍ 28നാണ് താക്കറെ പക്ഷത്തോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്.
ശിവസേനാ- എന്‍സിപി- കോണ്‍ഗ്രസ് സഖ്യം തകര്‍ന്നെന്നും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്നും ബിജെപി ആവശ്യമുന്നയിച്ചതിനു പിന്നാലെ ഗവര്‍ണര്‍ വോട്ടെടുപ്പിന് നിര്‍ദേശിക്കുകയായിരുന്നു. ബിജെപിയുടെ പിന്തുണയോടെ അട്ടിമറി നീക്കങ്ങളിലൂടെ മഹാവികാസ് അഘാടി സര്‍ക്കാരിനെ താഴെയിറക്കിയാണ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ജൂണ്‍ 30നാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. അധികാരത്തിലേറി നാലുദിവസത്തിനകം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍ഡെ പക്ഷം 288 അംഗ സഭയില്‍ 164 വോട്ടുകള്‍ നേടി ഭൂരിപക്ഷം തെളിയിച്ചു. തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക. സുപ്രിംകോടതിയുടെ തീരുമാനം ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന് നിര്‍ണായകമാണ്.