ഫോണിലൂടെ മലയാളത്തില്‍ സംസാരിച്ച ടെക്കിക്ക് കര്‍ണാടകയില്‍ ക്രൂരമര്‍ദ്ദനം

26കാരനായ അഭിജിത്തിനാണ് കുഡഗോഡിയിലെ ദോദ്ദബന്നഹള്ളി റോഡില്‍വച്ച് ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ അഭിജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.

Update: 2019-02-07 10:36 GMT

ബെംഗളൂരു: റോഡരികില്‍നിന്ന് മൊബൈല്‍ ഫോണിലൂടെ മലയാളത്തില്‍ സംസാരിച്ച മലയാളി സോഫ്റ്റ് വെയര്‍ എഞ്ചീനീയര്‍ക്കു കര്‍ണാടകയില്‍ ക്രൂരമര്‍ദ്ദനം. 26കാരനായ അഭിജിത്തിനാണ് കുഡഗോഡിയിലെ ദോദ്ദബന്നഹള്ളി റോഡില്‍വച്ച് ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ അഭിജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.

ചന്ദ്രഗിരിയില്‍ ബിഡിഎ അപാര്‍ട്ട്‌മെന്റില്‍ സഹോദരന്‍ അഭിലാഷ് പുതുതായി വാങ്ങിയ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ സഹോദരന്റെ വസതിക്കു 500 മീറ്റര്‍ അകലെവച്ചായിരുന്നു ആക്രമണം.

ആദ്യ സന്ദര്‍ശനമായതിനാല്‍ വീടിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതിരുന്ന അഭിജീത്ത് ബൈക്ക് നിര്‍ത്തി സഹോദരനോട് മൊബൈലിലൂടെ വഴി ചോദിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ആ വഴിയെത്തിയ സംഘം വഴിയരികില്‍ നിന്ന് മൊബൈലിലൂടെ സംസാരിക്കുകയായിരുന്ന അഭിജിത്തിനെ പ്രകോപനമില്ലാതെ മര്‍ദ്ദിക്കുകയും ബീര്‍കുപ്പികള്‍ ഉപയോഗിച്ച് തലയ്ക്കും കഴുത്തിനും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പേഴ്‌സും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. സംഘം മദ്യ ലഹരിയിലായിരുന്നു.

തന്നോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് സഹോദരന്‍ ആക്രമിക്കപ്പെട്ടതെന്നും അവന്റെ കരച്ചില്‍ തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും അഭിലാഷ് പറഞ്ഞു.കേവലം 500 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. താന്‍ ഓടി എത്തുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അഭിജിത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിജിത്തിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഓഫിസര്‍ പറഞ്ഞു.

Tags:    

Similar News