ഭാര്യയുടെ പീഡനം സഹിക്കാനാവാതെ 24 പേജുള്ള കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്തു; പുരുഷന്‍മാര്‍ക്കും നീതി വേണമെന്ന് സോഷ്യല്‍ മീഡിയ, മെന്‍ടൂ മൂവ്‌മെന്റ് സജീവമാവുന്നു (വീഡിയോ)

തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു.

Update: 2024-12-10 16:05 GMT

ബംഗളൂരു: ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുന്നു. ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സുഭാഷ് (34) ആണ് തിങ്കളാഴ്ച്ച മരിച്ചത്. സ്വകാര്യ കമ്പനിയിലെ സീനിയര്‍ എക്‌സിക്യുട്ടീവായിരുന്നു അതുല്‍. ഭാര്യയും ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ അതുല്‍ പറഞ്ഞു. 24 പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ നാല് പേജ് സ്വന്തം കൈപ്പടയിലെഴുതിയതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതാണ്. പരിചയക്കാരായ നിരവധി പേര്‍ക്ക് അതുല്‍ ഇമെയില്‍ വഴി ആത്മഹത്യാ കുറിപ്പ് അയച്ചുകൊടുത്തിരുന്നു. കൂടാതെ താന്‍ ഭാഗമായ എന്‍ജിഒയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു.

ആത്മഹത്യയ്ക്ക് മുമ്പായി 'നീതി കിട്ടണം' എന്നെഴുതിയ പ്ലക്കാര്‍ഡ് അതുല്‍ വീടിന് മുന്നില്‍ സ്ഥാപിച്ചു. ഈ വാക്കുകളോടെയാണ് അതുലിന്റെ ആത്മഹത്യാ കുറിപ്പ് തുടങ്ങുന്നതും. കൂടാതെ ആത്മഹത്യാ കുറിപ്പ്, കാറിന്റെ താക്കോല്‍, ചെയ്തു തീര്‍ത്തതും ചെയ്യാന്‍ ബാക്കിയുള്ളതുമായ കാര്യങ്ങളുടെ പട്ടിക എന്നിവയെല്ലാം കപ്‌ബോര്‍ഡില്‍ വെച്ചിരുന്നു. തനിക്ക് പറയാനുള്ളതെല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോയും അതുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലെ ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അതുല്‍ വീഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു കത്തും മുറിയില്‍ നിന്ന് കണ്ടെത്തി. തന്നെ ഉപദ്രവിച്ചവര്‍ നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം സംസ്‌കരിക്കരുതെന്നും അതുല്‍ പറഞ്ഞിട്ടുണ്ട്. അത് സംഭവിച്ചില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു.

ഭാര്യയെയും അവളുടെ കുടുംബത്തെയും മൃതദേഹത്തിനരികില്‍ പ്രവേശിപ്പിക്കരുതെന്ന് അതുല്‍ ആവശ്യപ്പെട്ടു. കാമറയോ കൂടിക്കാഴ്ചയുടെ തെളിവോ ഇല്ലാതെ ഭാര്യയെയോ കുടുംബാംഗങ്ങളെയോ കാണരുതെന്നും അതുല്‍ അഭ്യര്‍ത്ഥിച്ചു.

ലക്ഷക്കണക്കിന് രൂപയാണ് ഭാര്യയും വീട്ടുകാരും തന്നോട് ആവശ്യപ്പെടാറുള്ളതെന്നും കൂടുതല്‍ പണം നല്‍കാതെ വന്നപ്പോഴാണ് 2021 ല്‍ ഭാര്യ മകനെയും കൂട്ടി ബംഗളൂൂരുവില്‍ നിന്ന് പോയതെന്നും അതുല്‍ വീഡിയോയില്‍ പറയുന്നു. 2022ലാണ് തനിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കുന്നത്. പ്രകൃതി വിരുദ്ധ ലൈംഗികത, കൊലപാക ശ്രമം എന്നിവ പ്രകാരം കള്ളക്കേസ് നല്‍കി. പത്ത് ലക്ഷം സ്ത്രീധനം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തിലാണ് ഭാര്യാ പിതാവിന്റെ മരണം സംഭവിച്ചതെന്നും കേസില്‍ ചേര്‍ത്തു.

എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ഭാര്യാ പിതാവ് എയിംസില്‍ ചികിത്സ തേടുന്നുണ്ടായിരുന്നു. ഈ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഒരു കോടിയാണ് ഭാര്യ ആവശ്യപ്പെടുന്നത്. അത് പിന്നീട് മൂന്ന് കോടിയായി വീണ്ടും കൂട്ടിച്ചോദിച്ചു. നാല് വയസുള്ള മകനെ തന്റെ സ്വത്ത് അപഹരിക്കാനായി ആയുധമാക്കുകയാണെന്നും അതുല്‍ കുറിച്ചിട്ടുണ്ട്. തനിക്കെതിരെ കൊലപാതകവും ലൈംഗികപീഡനവുമടക്കം നിരവധി കേസുകള്‍ ഭാര്യയും കുടുംബവും നല്‍കിയിട്ടുണ്ടെന്നും മാസം രണ്ട് ലക്ഷം രൂപ വീതം ഇവര്‍ ആവശ്യപ്പെടുന്നുണ്ടെന്നും കുറിപ്പ് പറയുന്നു.

കള്ളക്കേസുകള്‍ കാരണം പുരുഷന്‍മാര്‍ മരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് ആലോചിക്കണമെന്നായിരുന്നു ജോന്‍പൂരിലെ ജഡ്ജി പറഞ്ഞതെന്നും കത്തില്‍ അതുല്‍ വിമര്‍ശിച്ചു. താന്‍ എന്താണ് ആത്മഹത്യ ചെയ്യാത്തതെന്ന് ഭാര്യാ മാതാവ് കളിയാക്കുകയാണ് ചെയ്തത്. മകനെ കാണാന്‍ സമ്മതിച്ചില്ലെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയില്‍ എക്‌സ് ഉടമ ഇലോണ്‍ മസ്‌കിനേയും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ടാഗ് ചെയ്തിട്ടുണ്ട്.

സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രചരിക്കുന്നത്. ഇതോടെ പുരുഷന്‍മാര്‍ക്കെതിരെ സ്ത്രീകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായ മെന്‍ടൂ പ്രസ്ഥാനവും സജീവമായിട്ടുണ്ട്. സ്ത്രീകള്‍ നടത്തുന്ന മാനസിക-നിയമ ഭീകരത അവസാനിപ്പിക്കണമെന്നാണ് ആവശ്യം. മെന്‍ടൂവും സമാനമായ ഹാഷ്ടാഗുകളും ഇപ്പോള്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ ട്രെന്‍ഡ് ചെയ്യുകയാണ്.


trending in x

 മാനസിക പീഡനമാണ് പുരുഷന്‍മാര്‍ക്കെതിരേ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ പീഡനമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഗാര്‍ഹിക പീഡന നിയമം റദ്ദാക്കണമെന്നും അല്ലെങ്കില്‍ അതിലെ ലിംഗവ്യത്യാസം ഇല്ലാതാക്കണമെന്നും ആവശ്യമുയരുന്നു. ജന്‍ഡര്‍ ന്യൂട്രലായ നിയമങ്ങളാണ് കാലത്തിന്റെ ആവശ്യമെന്നും നിരവധി പേര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനക്കേസുകളിലും വ്യാജ പീഡനക്കേസുകളിലും പോക്‌സോ കേസുകളിലും പുരുഷന്‍മാരെ പ്രതിയാക്കുന്നത് വര്‍ധിച്ചുവരുകയാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.വനിതാ കമ്മീഷനുകള്‍ പിരിച്ച് വിട്ട് കുടുംബ കമ്മീഷനുകള്‍ രൂപീകരിക്കണം, വനിതാ കമ്മീഷന്‍ ഉണ്ടെങ്കില്‍ പുരുഷ അവകാശ കമ്മീഷനും വേണം, കുടുംബ കോടതികള്‍ പുരുഷന്‍മാര്‍ പറയുന്നതും കേള്‍ക്കണം, പ്രാചീന കാലത്തെ സ്ത്രീകള്‍ ഇപ്പോള്‍ ഇല്ല, ഫെമിനിസം പോലുള്ള ആശയങ്ങളെ നശിപ്പിക്കണം, സ്ത്രീകള്‍ പുരുഷന്‍മാരെ മാനസികമായി പീഡിപ്പിക്കുന്നത് കുറ്റമാക്കണം തുടങ്ങിയ ആവശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

അതേസമയം, അതുലിന്റെ സഹോദരന്റെ പരാതിയില്‍ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പോലിസ് കേസെടുത്തു.

Tags:    

Similar News