തെലങ്കാന: മുസ്‌ലിം പ്രോടേം സ്പീക്കര്‍ക്കു മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി എംഎല്‍എ

ഖുര്‍ആന്‍ നിരോധിക്കണമെന്നും റോഹിന്‍ഗ്യന്‍കളെ വെടിവച്ചു കൊല്ലണമെന്നുതുമടക്കമുള്ള നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് രാജാസിങ്.

Update: 2019-01-06 15:44 GMT

ഹൈദരാബാദ്: അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്ത്വത്തിലുള്ള ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പാര്‍ട്ടിയുടെ എംഎല്‍എ ആയ മുംതാസ് അഹ്മദ് ഖാനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറല്ലെന്നു തെലങ്കാന ബിജെപി എംഎല്‍എ രാജാ സിങ്. പ്രോ-ടേം സ്പീക്കറായി കഴിഞ്ഞ ദിവസം 70കാരനായ മുംതാസ് അഹമ്മദ് ഖാനെ തിരഞ്ഞെടുത്തിരുന്നു. രാജാ സിങ് അടക്കമുള്ളവര്‍ പ്രോ-ടേം സ്പീക്കറായ മുംതാസ് അഹമ്മദ് ഖാനു മുമ്പിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാല്‍ ഇതിനു തയ്യാറല്ലെന്നാണ് രാജാ സിങിന്റെ നിലപാട്. മുംതാസ് അഹമ്മദിന്റെ പാര്‍ട്ടി ഹിന്ദുക്കളെ തുടച്ചുനീക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ വന്ദേ മാതരം പാടാത്തവരാണ്. ഭാരത് മാതാ കീ ജയ് വിളിക്കാനും അവര്‍ തയ്യാറല്ല. ഇത്തരത്തിലുള്ള പാര്‍ട്ടിയുടെ എംഎല്‍എയുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറല്ല. ഇതുസംബന്ധിച്ച നിയമോപദേശം തേടും- രാജാ സിങ് പറഞ്ഞു. മുസ്ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധി നേടിയ രാജാസിങിന്റെ പേരില്‍ 43ലധികം കേസുകളുമുണ്ട്. ഖുര്‍ആന്‍ നിരോധിക്കണമെന്നും റോഹിന്‍ഗ്യന്‍കളെ വെടിവച്ചു കൊല്ലണമെന്നുതുമടക്കമുള്ള നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് രാജാസിങ്.

Tags:    

Similar News