സെക്രട്ടേറിയറ്റിലെ തകര്‍ത്ത പള്ളികളും അമ്പലവും പുനര്‍നിര്‍മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി
പൊളിച്ചുമാറ്റിയ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം നേതാക്കള്‍ക്കാണ് കെസിആര്‍ ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയത്.
ഹൈദരാബാദ്: പഴയ സെക്രട്ടേറിയേറ്റിലെ തകര്‍ക്കപ്പെട്ട രണ്ട് പള്ളികളും ക്ഷേത്രവും പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തോടൊപ്പം പുനര്‍നിര്‍മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഈ ആരാധനാലയങ്ങള്‍ക്കൊപ്പം ക്രൈസ്ത ദേവാലയവും പണികഴിപ്പിക്കുമെന്നും ആരാധനാലയങ്ങളുടെ പൂര്‍ണ നിര്‍മാണച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊളിച്ചുമാറ്റിയ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം നേതാക്കള്‍ക്കാണ് കെസിആര്‍ ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയത്.
പഴയ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളും നടന്നിരുന്നതായും അതിനാല്‍ ഇവിടെ ചര്‍ച്ച് നിര്‍മിക്കണമെന്നും ക്രൈസ്തവ നേതാക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ആരാധനാലയങ്ങള്‍ക്കും ഒരേ ദിവസം തന്നെ ശിലാസ്ഥാപനം നടത്തുമെന്നും തെലങ്കാനയുടെ സാമുദായിക ഐക്യത്തിന്റെ യഥാര്‍ത്ഥ ആത്മാവിനെ വെളിപ്പെടുത്തുന്നതായിരിക്കും ഇതെന്നും കെസിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മുഖ്യമന്ത്രി വ്യക്തമാക്കി.
അഖിലേന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഐഎം), തെലങ്കാന നിയമസഭാ നേതാവ് അക്ബറുദ്ദീന്‍ ഉവൈസി, അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി, എഐഎംപിഎല്‍ബി അംഗം മുഫ്തി ഖലീല്‍ അഹമ്മദ്, ജമാത്തെ ഇസ്ലാമി തെലങ്കാന അധ്യക്ഷന്‍ ഹമീദ് മുഹമ്മദ് ഖാന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
750 ചതുരശ്ര അടി വീതം വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഇരു പള്ളികളുംനിര്‍മാണ ശേഷം വഖ്ഫ് ബോര്‍ഡിന് കൈമാറുമെന്നും അദ്ദേഹം പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. ക്ഷേത്രം 1500 ചതുരശ്ര അടിയിലായിരിക്കും. പുനര്‍നിര്‍മാണശേഷം ഇത് എന്‍ഡോവ്‌മെന്റ് വകുപ്പിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.