വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില; ഉല്‍സവത്തിന് മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വീണ്ടും സ്ഥാപിച്ച് ക്ഷേത്രകമ്മിറ്റി, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലാണ് ഉല്‍സവത്തിന് ക്ഷേത്രപ്പറമ്പില്‍ മുസ് ലിംകള്‍ക്ക് പ്രവേശനം വിലക്കി കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷവും ക്ഷേത്ര അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധവും വിമര്‍ശനവും നാനാഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.

Update: 2022-04-15 14:02 GMT

കണ്ണൂര്‍: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഉല്‍സവത്തിന് മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച് വീണ്ടും ക്ഷേത്രകമ്മിറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലാണ് ഉല്‍സവത്തിന് ക്ഷേത്രപ്പറമ്പില്‍ മുസ് ലിംകള്‍ക്ക് പ്രവേശനം വിലക്കി കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷവും ക്ഷേത്ര അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധവും വിമര്‍ശനവും നാനാഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.

അതേസമയം, മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ മുന്നോട്ട് വന്നു.കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോര്‍ഡ് സ്ഥാപിക്കുന്നത് മത നിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കമ്മിറ്റി വ്യക്തമാക്കി.

'നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതിമത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്‌കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണ്.

കഴിഞ്ഞ വര്‍ഷവും ക്ഷേത്ര അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും അതില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.

നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ സമൂഹം ഉയര്‍ന്ന് പ്രവര്‍ത്തിക്കണം, ഇതിനെതിരേ മുഴുവന്‍ മതനിരപേക്ഷ വാദികളും രംഗത്ത് വരണം'- ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തു.

Tags:    

Similar News