പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; തെലങ്കാനയിലെ മേദകില്‍ നിരോധനാജ്ഞ(വീഡിയോ)

Update: 2024-06-16 08:02 GMT

തെലങ്കാന: ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയറുക്കാനായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തെലങ്കാനയിലെ മേദകില്‍ സംഘര്‍ഷം. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും റോഡില്‍ പ്രതിഷേധിക്കുകയും ചെയ്തു. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് തെലങ്കാനയിലെ മേധക് ജില്ലയിലെ രാംദാസ് ചൗരസ്തയ്ക്ക് സമീപം അനധികൃതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്. ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെയും ബജ്‌റങ്ദളിന്റെയും നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമാക്കിയത്. പോലിസില്‍ പരാതി നല്‍കുന്നതിനുപകരം സംഘപരിവാര സംഘടനകള്‍ ആക്രമിക്കാനെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കുന്ന സിആര്‍പിസി സെക്ഷന്‍ 144 നടപ്പാക്കി. അക്രമത്തിനും കലാപത്തിനും ഇടയാക്കുന്ന ഏതൊരു പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്ന് പോലിസ് അറിയിച്ചു.

  

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്ന് മേദക് പോലിസ് സൂപ്രണ്ട് ബി ബാല സ്വാമി പറഞ്ഞു. ഏതാനും പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരു കക്ഷികള്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും പോലിസ് അറിയിച്ചു. ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലെത്തിച്ചതായും പോലിസ് വ്യക്തമാക്കി. മുസ് ലിംകളുടെ കടകള്‍ ആക്രമിക്കുകയും ബലി പെരുന്നാള്‍ ആഘോഷത്തിനെതിരേ ജയ് ശ്രീറാം വിളിച്ച് റാലി നടത്തിയതായും ആരോപണമുണ്ട്.



    അതിനിടെ, തിങ്കളാഴ്ചത്തെ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഹൈദരാബാദ് പോലിസ് സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സൗത്ത് സോണ്‍ ഡിസിപി സ്‌നേഹ മെഹ്‌റ പറഞ്ഞു. മൃഗങ്ങളുടെ ബലിയറുക്കല്‍ പൂര്‍ത്തിയായാല്‍ മാലിന്യങ്ങള്‍ കോര്‍പറേഷന്‍ ബിന്നുകളില്‍ ശരിയായി സംസ്‌കരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അങ്ങനെ നമുക്ക് നമ്മുടെ നഗരം വൃത്തിയും വെടിപ്പും നിലനിര്‍ത്താന്‍ കഴിയും. മൃഗങ്ങളുടെ ജഡമോ ഏതെങ്കിലും വസ്തുക്കളോ ഈ പരിധിക്ക് പുറത്ത് ഉപേക്ഷിച്ചാല്‍ രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണെന്നും പോലിസ് ഓര്‍മിപ്പിച്ചു.



അതിനിടെ, ഇന്ന് ബന്ദ് നടത്താന്‍ ബിജെപി മേദക് ജില്ലാ പ്രസിഡന്റ് ഗദ്ദാം ശ്രീനിവാസ് ആഹ്വാനം ചെയ്തു. കൃത്യസമയത്ത് നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നും പോലിസിന്റെ വീഴ്ചയ്‌ക്കെതിരേ ബിജെപി, വിഎച്ച്പി, ബിജെവൈഎം, ബജ്‌റങ്ദള്‍ തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News