സ്‌ഫോടകവസ്തു പിടികൂടിയെന്ന കേസ്: തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ കോടതി വെറുതെവിട്ടു

പ്രതിയുടെ കൈവശം സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന രേഖകളും ലഭ്യമല്ല. പ്രതികളെ ഏതെങ്കിലും തെളിവുമായി ബന്ധിപ്പിക്കാന്‍ യാതൊരു സാമഗ്രികളും ഇല്ലാത്ത ഒരു കേസുമായി മുന്നോട്ട് പോകുന്നത് ജുഡീഷ്യല്‍ സമയം പാഴാക്കുകയേയുള്ളൂവെന്നും കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ പോലും പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.

Update: 2022-10-17 15:18 GMT
കൊച്ചി: കണ്ണൂരില്‍ അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ കൈവശം വച്ചെന്ന കേസില്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ രണ്ട് പ്രതികളായ തടിയന്റവിടെ നസീര്‍, ഷറഫുദ്ദീന്‍ എന്നിവരെയും മറ്റ് മൂന്ന് പേരെയും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കൊച്ചി പ്രത്യേക കോടതി വെറുതെവിട്ടു.

സ്‌ഫോടകവസ്തു കൈവശം വച്ചെന്ന കേസില്‍ ആരോപണവിധേയരായവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തെളിവില്ലാത്തതിനാല്‍ പ്രതികള്‍ക്ക് വിടുതല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രത്യേക ജഡ്ജി കെ കമനീസ് ഉത്തരവിടുകയായിരുന്നു.

ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ പ്രതിഭാഗം അഭിഭാഷകര്‍ വാദം നടത്താതെതന്നെ കോടതി രേഖകള്‍ പരിശോധിച്ച് വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു. രാജ്യത്തുടനീളം സ്‌ഫോടനം നടത്തുക എന്ന പൊതു ഉദ്ദേശത്തോടെ പ്രതികള്‍ അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വെച്ചതായും അഞ്ചാം പ്രതിയായ കണ്ണൂര്‍ ചെമ്പോലോട് ഗ്രാമപ്പഞ്ചായത്തിലെ ഫയറൂസിന്റെ വീട്ടുവളപ്പില്‍ ഒളിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

2009ല്‍ തിരച്ചില്‍ നടത്തിയ പോലിസ് സംഘമാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമുള്ള കുറ്റം തെളിയിക്കണമെങ്കില്‍ ജീവന്‍ അപകടപ്പെടുത്താനോ വസ്തുവകകള്‍ക്ക് ഗുരുതര നാശനഷ്ടംവരുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും സ്‌ഫോടക വസ്തു പ്രതികള്‍ കൈവശം വെച്ചിരുന്നതായോ അവരുടെ നിയന്ത്രണത്തിലാണെന്നോ തെളിവ് ഉണ്ടായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ രാജ്യത്ത്

ആരുടേയെങ്കിലും ജീവന്‍ അപകടപ്പെടുത്തുന്നതിനോ സ്വത്തിന് ഗുരുതരമായ നാശനഷ്ടംവരുത്തുന്നതിനോ മറ്റേതെങ്കിലും വ്യക്തിയെ പ്രതി പ്രാപ്തമാക്കിയെന്നു തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പോലീസ് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ പ്രതികളാരെങ്കിലും കൈകാര്യം ചെയ്തതാണെന്നതിന് നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചില്ല. പ്രതിയുടെ കൈവശം സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന രേഖകളും ലഭ്യമല്ല. പ്രതികളെ ഏതെങ്കിലും തെളിവുമായി ബന്ധിപ്പിക്കാന്‍ യാതൊരു സാമഗ്രികളും ഇല്ലാത്ത ഒരു കേസുമായി മുന്നോട്ട് പോകുന്നത് ജുഡീഷ്യല്‍ സമയം പാഴാക്കുകയേയുള്ളൂവെന്നും കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ പോലും പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.

സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമുള്ള ഏതെങ്കിലും കുറ്റം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ രേഖകള്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News