'താക്കൂര്‍' ഷൂസ്: മുസ് ലിം കച്ചവടക്കാരന് ജയില്‍, നിര്‍മാണ കമ്പനിക്കെതിരേ നടപടിയില്ല; യുപി പോലിസിനും ബജ്‌റംഗ്ദളിനും ഒരേ നിലപാടെന്ന് ആക്ഷേപം

വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയുള്ള ബജ്‌റംഗദളിന്റെ നീക്കത്തിന് യുപി പോലിസിന്റെ നടപടി സഹായകമാവുകയായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നു. ബുലന്ദ്ഷഹറിലെ ബജ്‌റംഗ്ദള്‍ കോര്‍ഡിനേറ്റര്‍ വിഷാല്‍ ചൗഹാന്‍ നല്‍കിയ പരാതിയിലാണ് യുപി പോലിസ് മുസ്‌ലിം കച്ചവടക്കാരനെതിരേ നടപടിയെടുത്തത്.

Update: 2021-01-06 10:27 GMT

ന്യൂഡല്‍ഹി: 'താക്കൂര്‍ ഷൂസ്' വില്‍പന നടത്തിയതിന്റെ പേരില്‍ മുസ് ലിം യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച യുപി പോലിസിന് പതിറ്റാണ്ടുകളായി താക്കൂര്‍ ഷൂസ് നിര്‍മിക്കുന്ന കമ്പനിയെ കുറിച്ച് മൗനം. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ പരാതിയില്‍ 153 എ ഉള്‍പ്പടെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഷൂസ് വില്‍പനക്കാരന്‍ നാസിറിനെതിരേ കേസെടുത്തത്. അതേസമയം, 60 വര്‍ഷത്തോളമായി ഷൂസ് നിര്‍മിക്കുന്ന താക്കൂര്‍ ഫൂട് വെയര്‍ കമ്പനിക്കെതിരേ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആഗ്രയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരേ ബജ്‌റംഗ്ദളും മൗനം പാലിക്കുകയാണ്.

വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയുള്ള ബജ്‌റംഗദളിന്റെ നീക്കത്തിന് യുപി പോലിസിന്റെ നടപടി സഹായകമാവുകയായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നു. ബുലന്ദ്ഷഹറിലെ ബജ്‌റംഗ്ദള്‍ കോര്‍ഡിനേറ്റര്‍ വിഷാല്‍ ചൗഹാന്‍ നല്‍കിയ പരാതിയിലാണ് യുപി പോലിസ് മുസ്‌ലിം കച്ചവടക്കാരനെതിരേ നടപടിയെടുത്തത്. 'താക്കൂര്‍' സവര്‍ണ ഹിന്ദു വിഭാഗമാണെന്നും അവരെ അപമാനിക്കുന്നതാണ് ഷൂസിന്റെ ബ്രാന്റെന്നും ബജ്‌റംഗ്ദള്‍ ആരോപിച്ചു.

അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്ന് താക്കൂര്‍ ഫൂട്‌വെയര്‍ കമ്പനി ഉടമ നരേന്ദ്ര ട്രിലോകനി പറഞ്ഞു. തന്റെ മുത്തശ്ശന്‍ താക്കൂര്‍ ദാസ് ത്രിലോകനിയാണ് ഫൂട്‌വെയര്‍ നിര്‍മാണ കമ്പനി തുടങ്ങിയതെന്ന് നരേന്ദ്ര ത്രിലോകനി പറഞ്ഞു. അദ്ദേഹത്തിന് മരണത്തിന് ശേഷമാണ് കമ്പനിക്ക് 'താക്കൂര്‍' എന്ന പേര് നല്‍കിയത്. എല്ലാ മാസവും 10000 ഷൂസുകള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് ഉള്‍പ്പടെ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും 'താക്കൂര്‍' ഷൂസ് ലഭ്യമാണ്. താക്കൂര്‍ കമ്പനിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ പൂര്‍ണമായ മേല്‍വിലാസം വെബ്‌സൈറ്റുകളില്‍ ലഭ്യമായിട്ടും പോലിസ് ഇതുവരെ കമ്പനി ഉടമകളെ ചോദ്യം ചെയ്തിട്ടില്ല. മുസ് ലിം കച്ചവടക്കാരനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും 'താക്കൂര്‍' ഷൂസ് കമ്പനിക്കെതിരേ രംഗത്തെത്തിയിട്ടില്ല.

Tags:    

Similar News