യുപിയില്‍ ദലിത് ആണ്‍കുട്ടിയെക്കൊണ്ട് സവര്‍ണ യുവാക്കള്‍ കാല് നക്കിച്ചു; രംഗം വീഡിയോയിലും പകര്‍ത്തി
റായ്ബറേലി: യുപിയിലെ റായ്ബറേലിയില്‍ ദലിത് ആണ്‍കുട്ടിക്കെതിരേ സവര്‍ണയുവാക്കളുടെ ജാതി അധിക്ഷേപം. പ്രായപൂര്‍ത്തിയാവാത്ത ദലിത് ആണ്‍കുട്ടിയെ ഏഴ് എട്ട് പേര്‍ വരുന്ന സവര്‍ണയുവാക്കള്‍ മര്‍ദ്ദിക്കുകയും കാല് നക്കിക്കുകയും ചെയ്തു. കാല് നക്കുന്നത് ചിത്രീകരിച്ച് അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2 മിനിറ്റ് 30 സെക്കന്‍ഡ് വരുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
പ്രതി ഒരു മോട്ടോര്‍ സൈക്കിളില്‍ ഇരുന്ന് കാല് നക്കാന്‍ ആഗ്യം കാണിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. താമസിയാതെ ദലിത് ആണ്‍കുട്ടി കുനിഞ്ഞ്‌നിന്ന് കാല് നക്കുന്നു. ഏതാനും പേര്‍ ചുറ്റും നിന്ന് കളിയാക്കിച്ചിരിക്കുകയും ഇനിയും ഇതുപോലുളള തെറ്റുകള്‍ ചെയ്യുമോയെന്ന് പരിഹസിക്കുകയും ചെയ്യുന്നു.
ഏപ്രില്‍ 10നാണ് സംഭവം നടന്നത്. ഇരയായ ആണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തെത്തുന്നത്.
മയക്കുമരുന്ന് വില്‍ക്കുന്നതായി കുട്ടിയെ ചുറ്റുമുള്ളവര്‍ ആരോപിക്കുന്നതായും മറ്റൊരു വീഡിയോയിലുണ്ട്. നിര്‍ബന്ധത്തില്‍ കുട്ടി അത് സമ്മതിക്കുന്നു.
വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് പോലിസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ താക്കൂര്‍ ജാതിക്കാരാണെന്നാണ് പ്രാഥമികനിഗമനം.
'ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു, തുടര്‍ന്ന് ആക്രമിച്ചവര്‍ക്കെതിരെ യുപി പോലിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അതേ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.'- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
വിധവയായ മാതാവിനോടൊപ്പമാണ് 10 ക്ലാസുകാരനായ വിദ്യാര്‍ത്ഥി താമസിക്കുന്നത്. പ്രതികളുടെ വയലിലാണ് മാതാവ് ജോലി ചെയ്യുന്നത്. ജോലി ചെയ്തതിന്റെ കൂലി നല്‍കണമെന്ന് കുട്ടി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സവര്‍ണയുവാക്കളെ പ്രകോപിപ്പിച്ചത്. ഈ വസ്തുതകളൊന്നും പോലിസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.