മുന്നോക്ക ജാതിയില്‍പ്പെട്ട യുവതിയുമായി സംസാരിച്ചതിന് ദലിത് യുവാവിനെ തലയറുത്ത് കൊന്ന സംഭവം; സമുദായ നേതാവടക്കം പത്തു പേര്‍ കുറ്റക്കാര്‍

Update: 2022-03-05 19:15 GMT

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ മുന്നോക്ക ജാതിയില്‍ പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ചതിന് ദലിത് യുവാവിനെ തലയറുത്ത് കൊന്ന സംഭവത്തില്‍ പത്ത് പേരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. മധുര സ്‌പെഷ്യല്‍കോടതിയുടേതാണ് വിധി. നാമക്കലില്‍ 2015ല്‍ വി ഗോകുല്‍രാജിനെയാണ് ധീരന്‍ ചിന്നമലൈ പേരവൈയെയുടെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സംഘടനയുടെ പ്രസിഡന്റ് യുവ് രാജും കേസില്‍ കുറ്റക്കാരനാണ്. ഇയാള്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും ചുമത്തിയിട്ടുണ്ട്. അഞ്ച് പേരെ ജഡ്ജി വി സമ്പത്കുമാര്‍ വെറുതെവിട്ടു. മാര്‍ച്ച് 8ന് ശിക്ഷവിധിക്കും.

ഗോകുലിന്റെ മാതാവ് ചിത്ര മകനെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ ലഭിച്ചതില്‍ സംതൃപ്തി പ്രകടിപ്പിച്ചു. താന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് സുഖമായി ഉറങ്ങുമെന്ന് അവര്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം ആകെയുണ്ടായിരുന്ന അത്താണിയാണ് തന്റെ മകനെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷപ്രകടിപ്പിച്ചു.

2015 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോകുല്‍രാജ് (21)ഒരു ദലിത് സമുദായാംഗമാണ്. തിരുച്ചന്‍കോഡിലെ ഒരു ക്ഷേത്രത്തില്‍വച്ച് ഒരു മുന്നോക്ക സമുദായക്കാരി പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് ഗോകുല്‍ രാജിനെ കൊലപ്പെടുത്തി തലയില്ലാത്ത മൃതദേഹം റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. അപകടമാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് വസ്തുതകള്‍ പുറത്തുവന്നത്.

വെളളാള സമുദായത്തില്‍പെട്ടവരാണ് കൊലപാതകത്തിന് പിന്നില്‍. സ്വാതന്ത്ര്യത്തിനു മുമ്പ് വെള്ളാള സമുദയക്കാര്‍ മുന്നോക്ക സമുദായക്കാരായാണ് കരുതപ്പെട്ടിരുന്നതെങ്കിലും പിന്നീട് പിന്നാക്ക സമുദായപട്ടികയില്‍ ഉള്‍പ്പെടുത്തി.

കൊല്ലപ്പെട്ട ഗോകുല്‍ രാജും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു.

Tags:    

Similar News