പ്രയാഗ്‌രാജിലെ ദലിത് കൂട്ടക്കൊല: 'സവര്‍ണ' ജാതിക്കാരായ എട്ടു പ്രതികളേയും വിട്ടയച്ച് ദലിത് യുവാവിനെ ജയിലിലേക്കയച്ച് യുപി പോലിസ്
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയതിന് പ്രതികാരമായി 'മേല്‍ജാതി'ക്കാര്‍ തങ്ങളെ ആക്രമിക്കുമെന്ന ഭയപ്പാടിലാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്ന് കൊല്ലപ്പെട്ട ദലിത് കുടുംബത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ന്യൂഡല്‍ഹി: പ്രയാഗ്‌രാജില്‍ നാലംഗ ദലിത് കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസില്‍ അറസ്റ്റിലായ 'സവര്‍ണ' ജാതിയില്‍പെട്ട എട്ടു പേരെയും വിട്ടയച്ച് 23കാരനായ ദലിത് യുവാവിനെ ജയിലിലേക്ക് അയച്ച് ഉത്തര്‍ പ്രദേശ് പോലിസ്. ഈ സംഭവത്തില്‍ നേരത്തേ മറ്റു രണ്ടു ദലിത് യുവാക്കളേയും അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചിരുന്നു.
'സവര്‍ണ്ണ' പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് പോലിസ് വ്യക്തമാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയതിന് പ്രതികാരമായി 'മേല്‍ജാതി'ക്കാര്‍ തങ്ങളെ ആക്രമിക്കുമെന്ന ഭയപ്പാടിലാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്ന് കൊല്ലപ്പെട്ട ദലിത് കുടുംബത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ഈ മാസം 26നാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ഗോഹ്‌രി ഗ്രാമത്തില്‍ നാലംഗ ദലിത് കുടുംബം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 50 വയസ്സുള്ള പുരുഷനും 45 വയസ്സുള്ള ഭാര്യയും 16 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മുറിയിലും ബാക്കിയുള്ളവരുടേത് വീടിന്റെ മുറ്റത്തുമായിരുന്നു. ഇത് കൂട്ടബലാല്‍സംഗമാണെന്ന ആരോപണമുയര്‍ത്തിയിരുന്നു.
എന്നാല്‍, പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളല്ലെന്നും 23 വയസ്സ് പ്രായമുള്ളയാളാണെന്നുമാണ് പോലിസ് അവകാശപ്പെട്ടത്. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം ഈ വാദം തള്ളിയിരുന്നു. കൊല്ലപ്പെട്ട കുടുംബവും 'സവര്‍ണ' ജാതിയില്‍പെട്ട അയല്‍ക്കാരും തമ്മില്‍ 2019 മുതല്‍ രൂക്ഷമായ ഭൂമി തര്‍ക്കം നിലനിന്നിരുന്നതായും ഇതില്‍ ഒത്തുതീര്‍പ്പിന് പോലിസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും കൊല്ലപ്പെട്ട കുടുംബത്തിന്റെ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിപക്ഷ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ദലിത് കുടുംബത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിച്ച രണ്ട് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലിസ് നിര്‍ബന്ധിതരായിരുന്നു.ദലിത് കൂട്ടക്കൊലയില്‍ 'സവര്‍ണ' ജാതിയായ താക്കൂര്‍ കുടുംബത്തില്‍ നിന്നുള്ള 11 പേരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, എസ്‌സി/ എസ്ടി ആക്ട്, പോക്‌സോ ആക്ട് എന്നിവയാണ് ചുമത്തിയിരുന്നത്.
ഇതില്‍ അറസ്റ്റിലായ എട്ടു പേരെയാണ് പോലിസ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകില്ലെന്ന പോലിസിന്റെ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പും ഒഴിവാക്കിയിട്ടുണ്ട്.
'മരിച്ചയാളുടെ അതേ സമുദായത്തില്‍ പെട്ട' ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായി നവംബര്‍ 28ന് പോലിസ് പ്രസ്താവന ഇറക്കിയിരുന്നു. 23കാരനായ ദലിത് യുവാവാണ് അറസ്റ്റിലായതെന്ന് ഐപിഎസ് ഓഫിസറും പ്രയാഗ്‌രാജ് സോണിലെ എഡിജിയുമായ പ്രേം പ്രകാശ് ട്വീറ്റ് ചെയ്തിരുന്നു.
നവംബര്‍ 27ന് വൈകീട്ട് ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തതായി ഇയാളുടെ കുടുംബം വ്യക്തമാക്കി. കൗമാരക്കാരനായ തൊഴിലാളിയെ തിങ്കളാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതേ ഗ്രാമത്തിലെ മറ്റ് രണ്ട് ദളിത് യുവാക്കളെയും അറസ്റ്റ് ചെയ്തു, അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കുടുംബങ്ങള്‍ ലോക്കല്‍ പോലീസ് സ്‌റ്റേഷന് പുറത്ത് പിക്കറ്റ് ചെയ്തിരുന്നു.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അറസ്റ്റിലായ ദലിത് യുവാവ് പിന്തുടരുകയായിരുന്നുവെന്ന് പ്രേം പ്രകാശ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 'അവന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു... അവസാന സന്ദേശത്തിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍, അവനെ അറസ്റ്റ് ചെയ്തു' പ്രേം പ്രകാശിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയതിന്റെ അസംഭവ്യത ഇരകളുടെ കുടുംബം ചൂണ്ടിക്കാട്ടി. 'പിന്നെ ആ കുട്ടിക്ക് എന്റെ മരുമകളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍, അവന്‍ അവളെ കൊല്ലുമായിരുന്നു, എന്തിനാണ് മറ്റ് മൂന്ന് പേര്‍?' കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ചോദിച്ചു.
23 വയസ്സുള്ള കോളേജ് ബിരുദധാരിയാണ് തന്റെ മരുമകളെന്ന പോലിസ് വാദം തള്ളി അവള്‍ പ്രായപൂര്‍ത്തിയാകാത്തവളാണെന്ന് അദ്ദേഹം പറഞ്ഞു. മേല്‍ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനാണ് ദളിത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം നടക്കുമ്പോള്‍ യുവാവ് വീട്ടിലുണ്ടായിരുന്നുവെന്ന് പ്രതിയായ യുവാവിന്റെ മൂത്ത സഹോദരിയും പോലിസിന്റെ വാദങ്ങള്‍ തള്ളി വ്യക്തമാക്കി.