ദലിത് യുവാവ് ഗോകുല്‍രാജ് കൊലപാതകം: ഗൗണ്ടര്‍ വിഭാഗം നേതാവ് യുവരാജ് ഉള്‍പ്പെടെ 10 പേര്‍ കുറ്റക്കാരെന്ന് കോടതി
മധുര: 2015ല്‍ ദലിത് യുവാവ് ഗോകുല്‍രാജിനെ കൊലപ്പെടുത്തിയ കേസിലെ പതിനേഴു പ്രതികളില്‍ പത്തുപേരെ മാര്‍ച്ച് 5 ശനിയാഴ്ച മധുര പ്രത്യേക സെഷന്‍സ് കോടതി ശിക്ഷിച്ചു. കൊങ്ങുവെള്ളാളര്‍ ജാതി സംഘടനയായ ധീരന്‍ ചിന്നമലൈ പേരവൈയുടെ പ്രസിഡന്റ് എസ് യുവരാജ് ഉള്‍പ്പെടെ 10 പേരേയാണ് ശിക്ഷിച്ചത്. 2015 ജൂണില്‍ ഗോകുല്‍രാജിന് ഗൗണ്ടര്‍ സമുദായത്തിലെ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഗൗണ്ടര്‍ സമുദായത്തിലെ അംഗങ്ങളും മറ്റുജാതിയില്‍ പെട്ടവരും തമ്മിലുള്ള ബന്ധം തടയുന്നതിന് യുവരാജിന്റെ നേതൃത്വത്തില്‍ രഹസ്യ സംഘടനക്ക് രൂപം നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിഷ്ണു പ്രിയ ആത്മഹത്യ ചെയ്തതാണ് കേസ് കൂടുതല്‍ വിവാദമാക്കിയത്. കൊലപാതകം അന്വേഷിക്കുന്നതിനിടയില്‍ നേരിടേണ്ടി വന്ന സമ്മര്‍ദ്ദം മൂലമാണ് പോലിസ് സൂപ്രണ്ട് മരിച്ചത്.
യുവരാജ്, അരുണ്‍, കുമാര്‍, ശങ്കര്‍, അരുള്‍ വസന്തം, സെല്‍വകുമാര്‍, യുവരാജിന്റെ സഹോദരന്‍ തങ്കദുരൈ, സതീഷ്‌കുമാര്‍, രഘു എന്ന ശ്രീധര്‍, രഞ്ജിത്ത് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. കേസില്‍ അറസ്റ്റ് ചെയ്ത പതിനേഴുപേരില്‍ ശങ്കര്‍, അരുള്‍ സെന്തില്‍, സെല്‍വകുമാര്‍, തങ്കദുരൈ, സുരേഷ് എന്നിവരെ വെറുതെവിട്ടു. കേസ് നടക്കുന്നതിനിടെ ഒരാള്‍ മരിച്ചു. ഒരു പ്രതിയില്‍ ഒളിവിലാണ്.