രാജ്യത്തിന്റെ ബഹുസ്വരതയെ കരിനിഴലിലാക്കി; മോദി 'ടൈം' സ്വാധീന പട്ടികയില്‍ ഇടം നേടിയത് ഇങ്ങനെ...
ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോദി മാത്രമാണ്.
ന്യൂഡല്‍ഹി: ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ശഹീന്‍ ബാഗ് പ്രക്ഷോഭക ബില്‍കീസ് ടൈം മാഗസിന്റെ സ്വാധീന പട്ടികയില്‍ ഇടം നേടിയപ്പോള്‍ ജനാധിപത്യത്തെ തകര്‍ത്ത വ്യക്തി എന്ന വിശേഷണത്തോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടികയില്‍ ഇടം പിടിച്ചത്. 2020ല്‍ ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരില്‍ ഒരാളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തുകൊണ്ട് ടൈമിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍വിക്ക് എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതിലൂടെയാണ് ടൈം സ്വാധീന പട്ടികയില്‍ പ്രധാനമന്ത്രി ഇടം പിടിച്ചിരിക്കുന്നതെന്ന് കുറിപ്പ് വ്യക്തമാക്കുന്നു.
''ജനാധിപത്യത്തിലേയ്ക്കുള്ള വഴി ശരിക്കും സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല. ആര്‍ക്കാണ് ഏറ്റവുമധികം വോട്ടു ലഭിച്ചത് എന്നു മാത്രമാണ് തിരഞ്ഞെടുപ്പുകള്‍ പറയുക. വിജയിക്ക് വോട്ട് ചെയ്യാത്ത ചെയ്യാത്ത മനുഷ്യരുടെ അവകാശങ്ങള്‍ അതിലേറെ പ്രധാനമാണ്. ഏഴു പതിറ്റാണ്ടിലേറെയായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിന്ത്യ. 130 കോടി ജനങ്ങളില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും സിഖുകാരും ബുദ്ധിസ്റ്റുകളും ജൈന മതക്കാരും മറ്റ് മത സമൂഹങ്ങളും ഉള്‍പ്പെടുന്നു. 'ഐക്യത്തിന്റേയും സ്ഥിരതയുടേയും ഉത്തമോദാഹരണം' എന്നാണ് (ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ അഭയാര്‍ത്ഥിയായ കഴിഞ്ഞ) ദലൈലാമ ഇന്ത്യയെ കുറിച്ച് പറഞ്ഞത്.
ഇതിനെയെല്ലാം സംശയത്തിന്റെ നിഴലിലാക്കുകയാണ് നരേന്ദ്രമോദി ചെയ്തത്. ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോദി മാത്രമാണ്. സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഹൈന്ദവ ദേശീയവാദികളായ ബിജെപി മുസ്‌ലിംകളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. മഹാമാരിയുടെ തീച്ചൂള അടിച്ചമര്‍ത്തലിന് മറയായി. ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നു.''. കുറിപ്പില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം, മോദിക്കെതിരായ രൂക്ഷമായ വിമര്‍ശനം മറച്ചുവെച്ചുകൊണ്ടാണ് സംഘപരിവാര്‍ മാധ്യമങ്ങളും പ്രവര്‍ത്തകരും മോദി ടൈം മാഗസിന്റെ സ്വാധീന പട്ടികയില്‍ ഇടം നേടിയത് പ്രചരിപ്പിക്കന്നത്.