തെല്‍ അവീവില്‍ 'മൊസാദ് കമാന്‍ഡറെ' വെടിവെച്ചുകൊന്നു; ഫക്രിസാദ വധത്തിന് ഇറാന്റെ മധുര പ്രതികാരമോ?(വീഡിയോ)
തെല്‍ അവീവിന്റെ ഹൃദയഭാഗത്ത് വച്ച് മൊസാദ് കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തെല്‍അവീവ്/ തെഹ്‌റാന്‍: ഉന്നത ഇറാന്‍ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഉന്നത കമാന്‍ഡറെ വെടിവച്ച് കൊന്നതായി ഇറാന്‍ മാധ്യമങ്ങള്‍. തെല്‍ അവീവിന്റെ ഹൃദയഭാഗത്ത് വച്ച് മൊസാദ് കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസയമം, സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ച വൈകീട്ട് 45 കാരനായ മൊസാദ് കമാന്‍ഡറെ തെല്‍ അവീവിന്റെ ഹൃദയഭാഗത്ത് വെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന് തെഹ്‌റാന്‍ പ്രതികാരം ചെയ്തതായാണ് സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകള്‍ ഇതിനെ കാണുന്നത്.
ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസ് ടിവിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടത് മൊസാദ് ഉദദ്യോഗസ്ഥനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ട്രാഫിക് സിഗ്‌നനില്‍ വെച്ച് അദ്ദേഹം ഓടിച്ചിരുന്ന കാറിനു നേരെ 15 റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിനു ശേഷം അക്രമികള്‍ രക്ഷപെട്ടതായും റിപോര്‍ട്ട് പറയുന്നു.ഫഹ്മി ഹിനാവി എന്ന മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുന്ന കാണിക്കുന്ന വിഡിയോ ഇറാനിലെ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി വിഡിയോകളില്‍ റോഡിന് നടുവില്‍ ഒരു കാര്‍ നിര്‍ത്തിയതായും പ്രദേശം പോലിസ് വളഞ്ഞിരിക്കുന്നതായും കാണിക്കുന്നു. എന്നാല്‍, വിഡിയോകളിലൊന്നും കൊലപാതകത്തിന്റെ കൃത്യമായ ദൃശ്യങ്ങളില്ല. അതേസമയം, ഒന്നിലധികം വെടിയേറ്റ് ദ്വാരങ്ങളുള്ള ഒരു കാറിന്റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, തെല്‍ അവീവില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മൊസാദ് ഉദ്യോഗസ്ഥന്റെ വെടിവയ്പിനെക്കുറിച്ച് ഒരു വിവരവും ഇസ്രയേല്‍ മാധ്യമങ്ങളില്‍ വന്നിട്ടുമില്ല.
അതേസമയം, മുഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടത് നിര്‍മിത ബുദ്ധി (artificial intelligence) ഉപയോഗപ്പെടുത്തിയുള്ള മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. വെടിവെക്കുന്നതിന് മുന്‍പ് സാറ്റലൈറ്റ് നിയന്ത്രണത്തിലുള്ള തോക്ക് ഉപയോഗിച്ച് ഫക്രിസാദെയുടെ മുഖം ലക്ഷ്യമാക്കുകയും തുടര്‍ന്ന് 13 റൗണ്ട് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ അലി ഫദാവി പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്.
'നിസാന്‍ പിക്അപിന് മുകളില്‍ ഘടിപ്പിച്ച നിലയിലായിരുന്നു മെഷീന്‍ ഗണ്‍. ഫക്രിസാദെയുടെ മുഖം മാത്രമാണ് അതില്‍ ഫോക്കസ് ചെയ്തത്.. ഈ തോക്ക് സാറ്റലൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മുഖേന നിയന്ത്രിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അത്യാധുനിക ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായവും ഇതിന് പിന്നില്‍ ഉണ്ടായിരുവെന്നും ഫദാവി പറഞ്ഞു. 25 സെന്റി മീറ്റര്‍ (10 ഇഞ്ച്) മാത്രം അകലത്തില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന ഭാര്യയ്ക്ക് വെടിയേറ്റിരുന്നില്ല
നവംബര്‍ 27നാണ് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് ഫക്രിസാദെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഹൈവേയിലൂടെ വീട്ടിലേക്ക് കാറോടിച്ചു പോകുകയായിരുന്ന അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.