മൂലമറ്റത്ത് യുവാവിന്റെ വെടിയേറ്റ രണ്ടാമന്റെ നില അതീവഗുരുതരം
വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്‍ എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂലമറ്റം: തട്ടുകടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ നില അതീവഗുരുതരമായി തുടരുന്നു. വെടിയേറ്റ കീരിത്തോട് സ്വദേശി സനല്‍ ബാബു സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്‍ എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂലമറ്റം ഹൈസ്‌കൂളിന് മുന്നില്‍ വച്ചാണ് സംഭവം. തട്ടുകടയിലെ ഭക്ഷണത്തെച്ചോല്ലി ഫിലിപ്പ് ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് ഇയാളെ സ്ഥലത്ത് നിന്നും പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ തിരികെ വന്ന് കാറില്‍ നിന്ന് തോക്കെടുത്ത് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മൂലമറ്റം വഴി യാത്ര ചെയ്യുകയായിരുന്ന സനലിന്റെ വണ്ടി ഇടിച്ചിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് സനലിന്റെ കഴുത്തിന് വെടിവയ്ക്കുകയായിരുന്നു. അദ്ദേഹം അപ്പോള്‍ തന്നെ മരിച്ചതായും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു. സനലിന്റെ കൂടെയുണ്ടായിരുന്ന പ്രദീപാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ഫിലിപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കാറില്‍ കയറി തന്നെ രക്ഷപ്പെടുകയായിരുന്നു. മുട്ടം ഭാഗത്തേക്ക് സഞ്ചരിച്ച ഫിലിപ്പിനെ പോലിസ് പിടികൂടുകയായിരുന്നു. മുട്ടം പോലിസ് ഇയാളേയും വാഹനവും കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് കാഞ്ഞാര്‍ പോലിസിന്റെ പരിധിയിലാണ്. പ്രതിയെ കാഞ്ഞാര്‍ പോലിസിന് കൈമാറിയതായാണ് റിപോര്‍ട്ടുകള്‍.