കള്ളവോട്ടിനും വോട്ട് നീക്കം ചെയ്തതിനും എതിരേ സമഗ്രമായ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് ബൂത്ത്തലത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കള്ളവോട്ടിനും വോട്ട് നീക്കം ചെയ്തതിനും എതിരേ ശക്തമായ നിയമ പോരാട്ടം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

Update: 2019-05-07 12:50 GMT

കണ്ണൂര്‍: ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി സിപിഎം നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തതിനെതിരേ കൂടുതല്‍ സമഗ്രമായി പരാതി നല്‍കാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു.

വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് ബൂത്ത്തലത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കള്ളവോട്ടിനും വോട്ട് നീക്കം ചെയ്തതിനും എതിരേ ശക്തമായ നിയമ പോരാട്ടം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

ജില്ലയില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎമ്മിനെതിരേ ശക്തമായ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കൂടുതല്‍ പരാതികള്‍ നല്‍കുന്നതിന് സമഗ്രമായ പരിശോധനകള്‍ ആവശ്യമാണ്.

കണ്ണൂര്‍, കാസര്‍കോട്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജില്ലയില്‍ വ്യാപകമായി സിപിഎം നേതൃത്വത്തില്‍ കള്ളവോട്ട് നടന്നിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ഭരണ സംവിധാനം ദുരുപയോഗം ചെയ്തും ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പല ബൂത്തുകളില്‍ നിന്നും പത്തിലധികം ഉറച്ച യുഡിഎഫ് വോട്ടുകള്‍ ഫൈനല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നിയമവിരുദ്ധമായി നീക്കം ചെയ്തിട്ടുണ്ട്.

ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന സിപിഎമ്മിന്റെ തെറ്റായ നടപടികള്‍ക്കെതിരേ അതിശക്തമായ നിയമ പോരാട്ടം നടത്തുവാനും തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരേയും അതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നിയമവിരുദ്ധമായി വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് കൂട്ടുനിന്ന ബിഎല്‍ഒമാര്‍ക്കെതിരേയും വ്യാപകമായ പരാതികളാണ് ഡിസിസി നേതൃയോഗത്തില്‍ ഭാരവാഹികള്‍ പങ്ക് വെച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം 199 പേരുടെ പേരില്‍ കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി പരാതികള്‍ നല്‍കിയത് കൂടാതെ, തെളിവ് സഹിതമുള്ള കൂടുതല്‍ പരാതികള്‍ നല്‍കുന്നതിനുവേണ്ടി പരിശോധന നടത്തി അതിശക്തമായ നിയമ പോരാട്ടം നടത്തുന്നതിന് ഡിസിസി നേതൃയോഗത്തില്‍ തീരുമാനിച്ചു

യോഗത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ  വി എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, നേതാക്കളായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, എം പി ഉണ്ണികൃഷ്ണന്‍, സജീവ് മാറോളി, തോമസ് വെക്കത്താനം, ചാക്കോ പാലക്കിലോടി,എന്‍ പി ശ്രീധരന്‍, വി വി പുരുഷോത്തമന്‍, കെ സി മുഹമ്മദ് ഫൈസല്‍ സംസാരിച്ചു.

Tags:    

Similar News