ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതി വിധി നിരാശാജനകം- ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

Update: 2022-03-15 15:54 GMT

ന്യൂഡല്‍ഹി: ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി അത്യന്തം നിരാശാജനകമാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് പ്രസിഡന്റ് മൗലാനാ മഹ്മൂദ് അസദ് മദനി അഭിപ്രായപ്പെട്ടു. ഈ വിധി മതസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്നതാണ്. പരമ്പരാഗതവും സാമൂഹികവുമായ മൂല്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളില്‍ ഒരു സമൂഹവും അതിന്റെ നിയമപരമായ സൂക്ഷ്മതകളാല്‍ മാത്രം ഭരിക്കപ്പെടുന്നില്ല. ഈ വിധി, പ്രത്യേകിച്ച് മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. അവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശവും ഇന്നത്തെ സാമുദായിക അന്തരീക്ഷത്തില്‍ ആത്മവിശ്വാസവും നഷ്ടപ്പെടുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നമ്മുടെ രാജ്യത്തിന് വളരെ പുരാതനമായ പാരമ്പര്യവും നാഗരികതയുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വിനയത്തിന്റെയും മൂടുപടത്തിന്റെയും കാര്യത്തില്‍ വിശ്വാസവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ജുഡീഷ്യല്‍ ഇടപെടല്‍ കൊണ്ട് ഇതൊരിക്കലും മായ്ച്ചുകളയാനാവില്ല. ഏതെങ്കിലും പ്രത്യേക മതത്തെ സംബന്ധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസം സംബന്ധിച്ച് ആ മതത്തിലെ ആധികാരിക പണ്ഡിതന്‍മാരുടെയും നിയമജ്ഞരുടെയും സ്വീകാര്യമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ഇക്കാര്യത്തില്‍ കോടതികള്‍ വഴിതിരിച്ചുവിട്ട പാത സ്വീകരിക്കരുതെന്നും മൗലാന മദനി ഊന്നിപ്പറഞ്ഞു.

ഒരു പ്രത്യേക സമുദായത്തിന്റെ സ്ഥാപിത സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും നിറവേറ്റണം. കോടതിയിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജനാധിപത്യ രാജ്യത്ത് പാര്‍ലമെന്റിനും അസംബ്ലികള്‍ക്കും നിയമനിര്‍മാണത്തിന് സമ്പൂര്‍ണ അവകാശമുണ്ട്. അതിനാല്‍, ദേശീയ താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. യുവാക്കള്‍ സംയമനം പാലിക്കണമെന്നും തെരുവില്‍ പ്രതിഷേധിക്കുന്നത് ഒഴിവാക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും മഹ്മൂദ് മദനി അഭ്യര്‍ഥിച്ചു.

Tags:    

Similar News