അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയം ജൂലൈ 15 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Update: 2021-07-01 03:51 GMT
അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തിയതി നീട്ടി. പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയം ജൂലൈ 15 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ നിശ്ചയിച്ച സമയപരിധി ജൂണ്‍ 30 ആയിരുന്നു. പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. വിവിധ കാരണങ്ങളാല്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തീയതി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുള്ള തീയതി നീട്ടിയത്.

സമയപരിധി കഴിഞ്ഞാല്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ച് അനര്‍ഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും ഏത് ദിവസം മുതലാണോ അനര്‍ഹമായി വാങ്ങിക്കൊണ്ടിരുന്നത് അന്നു മുതലുള്ള അതിന്റെ വിപണി വില പിഴയായി ഈടാക്കും. ഒപ്പം നിയമ നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യും.

ഇത്തരം കാര്‍ഡുടമ ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പു തല നടപടി എടുക്കും. കൂടാതെ ക്രിമിനല്‍ കുറ്റവും ചുമത്തും. നിശ്ചിത കാലാവധിക്കകം കാര്‍ഡ് മാറ്റാത്തവരെ കണ്ടെത്താന്‍ ജൂലൈ ഒന്നു മുതല്‍ പരിശോധനകളും നടത്തും. കാര്‍ഡു മാറ്റാനായുള്ള അപേക്ഷ നേരിട്ടോ ഇ മെയിലൂടെയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസിലേക്കോ താലൂക്ക് സപ്ലൈ ഓഫിസറുടെ ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കോ അറിയിക്കാം.

സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ/സഹകരണ മേഖല ഉദ്യോഗസ്ഥര്‍, പെന്‍ഷനര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, മാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെയുള്ള നാലു ചക്ര വാഹനം എന്നിവ ഉള്ളവര്‍ക്കും മുന്‍ഗണന കാര്‍ഡുകള്‍ക്ക് അര്‍ഹതയില്ല.

Tags:    

Similar News