മധു വധക്കേസ്; കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറെയും പിരിച്ചുവിട്ടു

മധു വധക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 കഴിഞ്ഞു.

Update: 2022-09-14 12:43 GMT

പാലക്കാട്: അട്ടപ്പാടി മധു കേസിലെ കൂറുമാറിയ സാക്ഷിയായ നാലാമത്തെ ഫോറസ്റ്റ് വാച്ചറെയും വനം വകുപ്പ് പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചർ സുനിൽ കുമാറിനെയാണ് പിരിച്ചുവിട്ടത്. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.

അട്ടപ്പാടി മധു കേസിൽ സാക്ഷിവിസ്താരം മണ്ണാർക്കാട് ജില്ല എസ് സി-എസ്ടി പ്രത്യേക കോടതിയിൽ ഇന്ന് പുനരാരംഭിച്ചിരുന്നു. കേസിലെ 25 മുതൽ 28 വരെയുള്ള നാലു പേരെയാണ് ചൊവ്വാഴ്ച വിസ്തരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ 25-ാം സാക്ഷി രാജേഷിനെ ഒഴിവാക്കി. ബാക്കി മൂന്നുപേരുടെ വിസ്താരം പൂർത്തിയായി.

26ഉം 28ഉം സാക്ഷികൾ മൊഴികളിൽ ഉറച്ചുനിന്നു. 27-ാം സാക്ഷി സൈതലവിയെ പ്രോസിക്യൂഷൻ കൂറുമാറിയതായി പ്രഖ്യാപിച്ചു. സംഭവ ദിവസം വണ്ടിക്കടവ് ഷെഡിന്‍റെ ഭാഗത്ത് പ്രതികൾ മധുവിനെ ഉന്തിത്തള്ളി കൊണ്ടു വരുന്നതും വടികൊണ്ട് തല്ലുന്നതും കാൽമുട്ടുകൊണ്ട് പിടിക്കുന്നതും കെണ്ടന്ന് മൊഴി കൊടുത്ത പോലിസ് സാക്ഷിയാണ് സൈതലവി.

കോടതിയിൽ ഇക്കാര്യങ്ങൾ സൈതലവി നിഷേധിച്ചു. 28-ാം സാക്ഷി മണികണ്ഠൻ കേസിലെ ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ എന്നിവരെ കോടതിയിൽ തിരിച്ചറിഞ്ഞു. ഹുസൈൻ മധുവിനെ ചവിട്ടുന്നത് കണ്ടെന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ, സംഭവ സമയത്ത് മണികണ്ഠൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പോലിസ് പറഞ്ഞതനുസരിച്ച് കാണാത്ത കാര്യം പറയുകയാണെന്നും പ്രതിഭാഗം വാദിച്ചു.

മധു വധക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 കഴിഞ്ഞു. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷന്‍ നേരത്തെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസിലെ പതിനാറില്‍ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു.

2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Similar News