വേദിയില്‍ പെണ്‍കുട്ടികളെ വിലക്കിയ സംഭവം: വിശദീകരണവുമായി സമസ്ത നേതാക്കള്‍

Update: 2022-05-14 07:32 GMT
കോഴിക്കോട്: വേദിയില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി സമസ്ത നേതാക്കള്‍. എം ടി അബ്ദുല്ല മുസ്‌ലിയാരുടെ പ്രകൃതം അങ്ങനെയാണെന്നും സ്ത്രീകളുമായി ഇടപഴകുന്ന രീതി തങ്ങള്‍ക്കില്ലെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

മുതിര്‍ന്ന പെണ്‍കുട്ടികളെ വേദിയില്‍ വിളിച്ചുവരുത്തി അവരെ ആദരിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ലജ്ജ ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ട്. അവര്‍ അതില്‍ പീഡിതരാവുകയാണ്. അങ്ങനെ സ്‌റ്റേജിലേക്ക് വിളിച്ചു വരുത്തുമ്പോള്‍ അത് വേണ്ട എന്നതാണ് സമസ്തയുടെ നിലപാടെന്ന് നേതാക്കന്മാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വേദിയിലേക്ക് കയറിയപ്പോള്‍ ആളുകളുടെ മുന്നിലേക്ക് വരാന്‍ പെണ്‍കുട്ടി ലജ്ജിക്കുന്നതായി മനസ്സിലായി. മറ്റു പെണ്‍കുട്ടികള്‍ക്ക് ഈ ബുദ്ധിമുണ്ട് ഉണ്ടാവരുതെന്ന് കരുതിയാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, ഇത്തരം പ്രശ്‌നങ്ങളില്ലാതെ വേദിയിലേക്ക് വരാന്‍ തയ്യാറാവുന്ന കുട്ടികളെ കയറ്റുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സമസ്ത നേതാക്കള്‍ക്കായില്ല. സമസ്ത കാലങ്ങളായി തുടര്‍ന്ന് പോരുന്ന നിലപാടിന്റെ ഭാഗമാണിതെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെ എല്ലാ മേഖലയിലും ഏറെ പ്രാധാന്യം നല്‍കുന്ന പണ്ഡിത സഭയാണ് സമസ്തയെന്നും നേതാക്കള്‍ വ്യക്തമാക്കി.

കേസ് സ്വാഭാവിക നടപടി മാത്രമാണെന്നും സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ലെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു. വിഷയത്തെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലളിതമാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നേതാക്കളുടെ വാക്കുകള്‍ എല്ലാം വേദിയിലെ പെണ്‍വിലക്കിനെ പൂര്‍ണമായും ന്യായീകരിക്കുന്നത് തന്നെയായിരുന്നു. മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുവേദികളില്‍ വിളിച്ചിരുത്തി ആദരിക്കുന്ന രീതി സമസ്തയ്ക്കില്ല. കാലാകാലങ്ങളായി സമസ്ത പിന്തുടരുന്ന നടപടിയാണത്, അതില്‍ മാറ്റമില്ല. നേതാക്കള്‍ വ്യക്തമാക്കി.

Tags:    

Similar News