വാളയാര്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച പറ്റി, രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ക്കും പിഴവ്; ഹൈക്കോടതി നടത്തിയത് നിശിത വിമര്‍ശനം
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുടെ ദൂരൂഹ മരണം അന്വേഷിച്ചതില്‍ സ്ഥലം എസ്‌ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. കടുത്ത വിമര്‍ശനമാണ് ഉത്തരവില്‍ എസ്‌ഐക്കെതിരെ കോടതി നടത്തിയത്.കേസ് കൈകാര്യം ചെയ്തതില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴ്ച സംഭവിച്ചു.
കേസിന്റെ വിചാരണയില്‍ പാലക്കാട് പോക്‌സോ കോടതിക്കും വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇനിയെങ്കിലും ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുത്. അതിനായി പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും ജുഡീഷ്യല്‍ അക്കാഡമി ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വിചാരണ കോടതിയുടെ ആറ് വിധികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വിധി ദുര്‍ബലപ്പെടുത്തി പുതിയ വിചാരണ വേണമെന്നും കേസില്‍ തുരന്വേഷണം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് പ്രേസിക്യൂട്ടര്‍ അഡ്വ. നാസര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയും പോക്‌സോ കോടതി വിധി റദ്ദാക്കി, പുനര്‍ വിചാരണയ്ക്ക് കേസ് മടക്കി അയക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
പുനര്‍ വിചാരണയ്ക്ക് വേണ്ടി പ്രതികള്‍ ജനുവരി 20ന് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ആവശ്യപ്പെട്ടാല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാം. പുതിയ സാക്ഷികളെയും വിസ്തരിക്കാം പുതിയ കണ്ടെത്തലുകളുണ്ടെങ്കില്‍ അതു കൂടി പരിഗണിച്ച് പുതുതായി വിചാരണ നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ തുടരന്വേഷണം വേണമെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടാല്‍ അതും അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍
കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ എസ്‌ഐക്കെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇതില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. പ്രതികളെ വെറുതെ വിട്ടതിന് ശേഷം സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കുകയും പുനര്‍ വിചാരണ അനുമതി നേടിയെടുക്കുകയും ചെയ്തത് ജുഡീഷ്യല്‍ ചരിത്രത്തിലെ പുതിയ അനുഭവമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെ വിട്ടത്. എന്നാല്‍, കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷെന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ ആണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാര്‍ വാദം. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സര്‍ക്കാര്‍ വാദിച്ചു. കേസില്‍ പൊലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കളും അപ്പീല്‍ നല്‍കിയത്.
2017 ജനുവരി 13നും , മാര്‍ച്ച് 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. 2019 ഡിസംബറില്‍ ആണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു.