പി കെ ഫിറോസ് ലീഗിന്റെ പാരമ്പര്യം പുലമ്പുന്നു: എം എം താഹിര്‍

Update: 2025-01-03 14:56 GMT

തിരുവനന്തപുരം: താനൂരിലെ മന്ത്രി വി അബ്ദുര്‍ റഹ്‌മാന്റെ വിജയത്തിനു പിന്നിലെ പിന്തുണയുമായി ബന്ധപ്പെടുത്തി യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ലീഗിന്റെ പാരമ്പര്യം പുലമ്പുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. മുസ് ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ്സും സിപിഎമ്മുമായി ഒത്തുതീര്‍പ്പ് നടത്തി കേസ് അട്ടിമറിച്ച ലീഗ് പാരമ്പര്യം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്.

ലീഗ് പ്രവര്‍ത്തകരായ കണ്ണൂര്‍ വളപട്ടണം മഹമൂദ്, എടക്കാട് ശാദുലി, കക്കാട് സിറാജ്, തളിപ്പറമ്പ് അബ്ദുല്‍ ലത്തീഫ്, പട്ടുവം അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ സിപിഎമ്മുകാരായിരുന്നു. ഈ കേസുകളിലെല്ലാം പ്രതികളെ കോടതി വെറുതെ വിടാനിടയായത് ലീഗ് നടത്തിയ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഫലമായിരുന്നു. പെരിങ്ങത്തൂര്‍ ഷെമീര്‍, ഇരിട്ടിയില്‍ അബ്ദുല്‍ സലാം എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാക്കപ്പെട്ട ആര്‍എസ്എസ്സുകാരെ കോടതി വെറുതെ വിട്ടതിനു പിന്നിലെ രഹസ്യബാന്ധവം ലീഗ് നേതാക്കള്‍ പരിശോധിക്കണം.

കണ്ണൂര്‍ പുല്ലൂക്കര മന്‍സൂര്‍ പാറാല്‍ (2021), മലപ്പുറം പാണ്ടിക്കാട് ഷമീര്‍ ബാബു എന്ന സമീര്‍ (2021),മലപ്പുറം താനൂര്‍ ഇസ്ഹാഖ് (2019), പാലക്കാട് മണ്ണാര്‍ക്കാട് സഫീര്‍ (2018), കണ്ണൂര്‍ കെ വി മുഹമ്മദ് കുഞ്ഞി (2015), കാസര്‍കോട് കുമ്പള ഹമീദ് കോയിപ്പാടി (2010), അരിയില്‍ ഷുക്കൂര്‍, നാദാപുരം മുഹമ്മദ് അസ് ലം ഉള്‍പ്പെടെയുള്ള ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് എന്തായി എന്ന് ഫിറോസ് വ്യക്തമാക്കണം.

സ്വന്തം അണികളുടെ ചോര പോലും രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ഇന്ധനമാക്കിയ ഫിറോസിന്റെ ജല്‍പ്പനങ്ങള്‍ സ്വന്തം ചെയ്തികളുടെ വെളിപ്പെടുത്തല്‍ മാത്രമാണ്. പി കെ ഫിറോസ് ഇനിയെങ്കിലും രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തണമെന്നും പാര്‍ട്ടിക്കു വേണ്ടി ജീവന്‍ നല്‍കിയ അണികളുടെ കുടുംബങ്ങളോടെങ്കിലും നീതി പുലര്‍ത്താന്‍ തയ്യാറാവണമെന്നും എം എം താഹിര്‍ ആവശ്യപ്പെട്ടു.




Tags:    

Similar News