കോട്ട് ജുമുഅത്ത്പള്ളിയുടെ നഷ്ടപെട്ട വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കണം

വീരാന്‍ ഉപ്പാപ്പ പള്ളിക്കായി നീക്കി വെച്ച 14 ഏക്കര്‍ ഭൂമിയില്‍ 1.1/2 (ഒന്നര) ഏക്കര്‍ ഭൂമി മാത്രം ആണ് ഇപ്പോള്‍ പള്ളിയായും ഖബര്‍സ്ഥാനായും ബാക്കിയുള്ളത് മറ്റുള്ള ഭൂമിഎല്ലാം അന്യാധീനപ്പെട്ടു പലരും കയ്യേറി വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

Update: 2021-10-28 08:57 GMT
മലപ്പുറം: ഒന്നര നൂറ്റാണ്ട് മുമ്പ് തിരുന്നാവായ കളത്തില്‍ വീരാന്‍ ഉപ്പാപ്പ എന്നവര്‍ സ്വന്തം ചിലവില്‍ നിര്‍മിച്ച തിരൂര്‍ കോട്ട്ജുമുഅത്ത് പള്ളിയുടെ നഷ്ടപ്പെട്ട 12.5 ഏക്കര്‍ വഖ്ഫ്ഭൂമികള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാരും വഖ്ഫ് ബോര്‍ഡുംഅടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം എന്നും മുത്തവല്ലിയായി കുടുംബത്തിലെ കാരണവരെ നിയമിക്കണമെന്നും തിരുന്നാവായ കളത്തില്‍ കുടുംബങ്ങളുടെ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


വീരാന്‍ ഉപ്പാപ്പ പള്ളിക്കായി നീക്കി വെച്ച 14 ഏക്കര്‍ ഭൂമിയില്‍ 1.1/2 (ഒന്നര) ഏക്കര്‍ ഭൂമി മാത്രം ആണ് ഇപ്പോള്‍ പള്ളിയായും ഖബര്‍സ്ഥാനായും ബാക്കിയുള്ളത് മറ്റുള്ള ഭൂമിഎല്ലാം അന്യാധീനപ്പെട്ടു പലരും കയ്യേറി വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

വഖ്ഫ് ബോര്‍ഡ് നഷ്ടപെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ 1999ല്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവ് നടപ്പിലാക്കി കിട്ടുവാനും മറ്റും കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയില്‍ അഡ്വക്കറ്റ് കമ്മിഷനും തിരൂര്‍ താലൂക്ക് സര്‍വ്വേയറും മഹല്ലില്‍ രണ്ട് തവണ വിശദമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

മഹല്ലിലെ വീടുകളില്‍ നിന്നും പണപ്പിരിവ് എടുത്താണ് ഇപ്പോള്‍ ദൈനംദിന ചിലവുകള്‍ നടത്തുന്നത്. പള്ളിക്കായി 14ഏക്കര്‍ സ്ഥലം വിട്ട്‌നല്‍കുമ്പോള്‍ വീരാന്‍ ഉപ്പാപ്പ ആധാരത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് മഹല്ലിലെ ജനങ്ങളില്‍ ആരെയും ആശ്രയിക്കാതെ പള്ളിയുടെ എല്ലാ കാര്യങ്ങളും വഖ്ഫ് സ്വത്തുക്കളുടെ വരുമാനത്തില്‍ നിന്നും നിര്‍വഹിക്കണമെന്നായിരുന്നു. മാത്രമല്ല മഹല്ലിലെ പാവപ്പെട്ട വീടുകളിലെ അനാഥകളെയും കുഞ്ഞുങ്ങളെയും പട്ടിണിക്കിടരുത് എന്നും അവരുടെ വിശപ്പ് മാറ്റാനും മതപഠനത്തിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണെമെന്നും പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.

വീരാന്‍ ഉപ്പാപ്പ എന്നവരുടെയും അവരുടെ മകന്‍ അഹമ്മദ് കുട്ടിഹാജി എന്നവരുടെയും മരണശേഷം അവകാശികള്‍ ആയിവരേണ്ട മക്കള്‍ മൈനര്‍മാര്‍ ആയതിനാല്‍ ആണ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോയത്.

ഭൂമി തിരിച്ച് പിടിക്കാന്‍ അടിയന്തിര നടപടികള്‍ക്കായി കേരള മുഖ്യമന്ത്രി, കേന്ദ്ര വഖ്ഫ് മന്ത്രി, സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍, കേരള വഖ്ഫ് മന്ത്രി, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കെല്ലാം നിവേദനം നല്‍കിയിട്ടുണ്ട്. പള്ളിക്ക് സ്വത്തുക്കള്‍ നീക്കി വെച്ച വീരാന്‍ ഉപ്പാപ്പയുടെ മകന്‍ അഹമ്മദ് കുട്ടി ഹാജിയുടെ പേരക്കുട്ടി തിരുന്നാവായ കളത്തില്‍ മുസ്തഫ എന്ന അഹമ്മദ്കുട്ടിയെ മുത്തവല്ലിയായി നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ടി കെ മുസ്തഫ, ടി കെ അഷ്‌റഫ്, ടി കെ ഹമീദ്, സി കെ നജീബ്, ഒ പി ലത്തീഫ് ഹാജി, സി കെ റസല്‍ പങ്കെടുത്തു.

Tags:    

Similar News