അനാഥകുഞ്ഞുങ്ങളുടെ അമ്മ സിന്ധുതായി ഓര്‍മയായി
പത്മ പുരസ്‌കാരത്തിന് പുറമേ 750 ലധികം പുരസ്‌കാരങ്ങളും ബഹുമതികളും സിന്ധുതായിക്ക് ലഭിച്ചിട്ടുണ്ട്. ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി ഡോക്യുമെന്റികളും പുറത്തിറങ്ങിയിട്ടുണ്ട്
പൂന: ആയിരത്തിലേറെ അനാഥകുഞ്ഞുങ്ങളുടെ അമ്മ സിന്ധുതായി ഓര്‍മയായി. സാമൂഹിക പ്രവര്‍ത്തകയും പത്മശ്രീ പുരസ്‌കാര ജേതാവുമായ സിന്ധുതായി സപ്കാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. 73 വയാസായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സപ്കാലിനെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ 1948 നവംബര്‍ 14 ന് ജനിച്ച സിന്ധുതായി നാലാം ക്ലാസിന് വരേ മാത്രമേ പഠിച്ചിട്ടുള്ളു.12 വയസ്സുള്ളപ്പോള്‍ 32 വയസ്സുള്ള ഒരാളെ വിവാഹം കഴിക്കേണ്ടിവന്നു. നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. സ്വന്തം അമ്മയും ജനിച്ചുവളര്‍ന്ന ഗ്രാമം പോലും സഹായിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മൂന്ന് ആണ്‍മക്കളെയും ഒരു പെണ്‍കുട്ടിയെയും വളര്‍ത്താന്‍ വേണ്ടി അവര്‍ക്ക് ഭിക്ഷാടനം നടത്തേണ്ടി വന്നു. താന്‍ അനുഭവിച്ച ഇത്തരം കഷ്ടപ്പാടുകള്‍ ഇനി ആര്‍ക്കുമുണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് അനാഥകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
1050ലധികം അനാഥ കുട്ടികളെ അവര്‍ എടുത്തുവളര്‍ത്തി. അവര്‍ക്കിന്ന് ഈ മക്കള്‍ക്ക് പുറമെ 207 പേരുമക്കളും 36 മരുമക്കളും ഉണ്ട്. സിന്ധുതായി ഗ്രാമീണരുടെയും ആദിവാസികളുടെയും പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള സമരങ്ങളിലും മുന്‍പിലുണ്ടാകാറുണ്ട്. പത്മ പുരസ്‌കാരത്തിന് പുറമേ 750 ലധികം പുരസ്‌കാരങ്ങളും ബഹുമതികളും സിന്ധുതായിക്ക് ലഭിച്ചിട്ടുണ്ട്. സപ്കാലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി ഡോക്യുമെന്റികളും പുറത്തിറങ്ങിയിട്ടുണ്ട്. പലര്‍ക്കും പ്രചോദനമായ മാതൃകാ ജീവിതമായിരുന്നു അവരുടേത്. മലയാളി സംവിധായകനായ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത 'മീ സിന്ധുതായ് സപ്കാല്‍' എന്ന ചിത്രം മഹാരാഷ്ട്ര സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയിട്ടുണ്ട്. 54ാമത് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറിനായും ഈ സിനിമ തിരഞ്ഞെടുത്തിട്ടുണ്ട്. സിന്ധുതായ് സപ്കാലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചിച്ചു.സമൂഹത്തിനായി അവര്‍ ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.സിന്ദുതായി മുഖേന നിരവധി കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.