പൂനെയില്‍ സിനിമാസ്‌റ്റൈല്‍ കവര്‍ച്ച: വാഹനങ്ങളില്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ത്ത് കോടികള്‍ കൊള്ളയടിച്ചു
പൂനെ-സോളാപുര്‍ ഹൈവേയില്‍ വച്ചാണ് രണ്ട് ബൈക്കിലും രണ്ട് കാറിലുമായി എത്തിയ സംഘം കാര്‍ ആക്രമിച്ച് 3.60 കോടി കവര്‍ന്നത്.
മുംബൈ: നാല് വാഹനങ്ങളിലായി എത്തിയവര്‍ കാര്‍ ആക്രമിച്ച് കോടികള്‍ കവര്‍ന്നു. പുനെയിലെ ഇന്ദാപുരിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സിനിമാ രംഗങ്ങളെ വെല്ലുന്ന കവര്‍ച്ച നടന്നത്. പൂനെ-സോളാപുര്‍ ഹൈവേയില്‍ വച്ചാണ് രണ്ട് ബൈക്കിലും രണ്ട് കാറിലുമായി എത്തിയ സംഘം കാര്‍ ആക്രമിച്ച് 3.60 കോടി കവര്‍ന്നത്.
ഭവേഷ്‌കുമാര്‍ പട്ടേല്‍, വിജയ്ഭായ് എന്നിവര്‍ സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. മൂന്നരക്കോടിയിലേറെ രൂപയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ രണ്ട് കാറിലും രണ്ട് ബൈക്കിലുമായെത്തിയ സംഘം പിന്തുടരുകയായിരുന്നു.
റോഡിലെ ഒരു ഹംപിന് സമീപം കാര്‍ വേഗത കുറച്ചപ്പോള്‍ കൊള്ള സംഘം വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഘം ഇരുമ്പ് വടികളടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കാനെത്തിയതോടെ ഇരുവരും കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകായിയുരന്നു.
എന്നാല്‍ അക്രമി സംഘം ഇവരെ വിടാന്‍ തയ്യാറായില്ല. നാല് വാഹനങ്ങളിലായി ചേസിങ് തുടര്‍ന്ന സംഘം പിന്നീട് കാറിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ ഭവേഷിനും വിജയ്ഭായിക്കും കാര്‍ നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് കൊള്ള സംഘം വാഹനത്തിലുണ്ടായിരുന്ന ഇരുവരെയും മര്‍ദ്ദിച്ച് പണം തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കാറിലുണ്ടായിരുന്നത് ഹവാല പണമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പരാതിക്കാരായ ഭവേഷും വിജയ്ബായിയും ഹവാല റാക്കറ്റുമായി ബന്ധമുള്ളവരാണെന്നും പൊലീസിന് സംശയമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.