അല്‍ ജൂലാനിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 84 കോടി നല്‍കുമെന്ന ഉത്തരവ് പിന്‍വലിച്ച് യുഎസ്
വാഷിങ്ടണ്‍: സിറിയയിലെ ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 84 കോടി രൂപ പാരിതോഷികം നല്‍കുമെന്ന ഉത്തരവ് യുഎസ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നലെ ദമസ്‌കസില്‍ അല്‍ ജൂലാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം യുഎസില്‍ മടങ്ങിയെത്തിയ അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറി ബാര്‍ബറ ലീഫാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ജൂലാനിയുമായുള്ള ചര്‍ച്ച മികച്ചതായിരുന്നു എന്നും ജൂലാനി പ്രായോഗികവാദിയാണെന്നും ബാര്‍ബറ ലീഫ് പറഞ്ഞു. സിറിയയില്‍ നിന്ന് ഒരു രാജ്യത്തിനും ഭീഷണിയുണ്ടാവില്ലെന്ന് അല്‍ ജൂലാനി ഉറപ്പുനല്‍കിയതായും ബാര്‍ബറ ലീഫ് പറഞ്ഞു.
2018ലാണ് ഹയാത് താഹിര്‍ അല്‍ ശാമിനെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നേതാവായ അല്‍ ജൂലാനിയുടെ തലയ്ക്ക് വിലയിടുകയായിരുന്നു. ഐഎസ് പ്രവര്‍ത്തനം ശക്തമാക്കിയ 2014 മുതല്‍ യുഎസ് സൈന്യം സിറിയയ്ക്ക് അകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2017ല്‍ ഐഎസിനെ അധികാര കേന്ദ്രങ്ങളില്‍ നിന്നെല്ലാം പുറത്താക്കിയ ശേഷവും സൈന്യം തുടരുകയാണ്. ഇന്നലെ കിഴക്കന്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഐഎസ് നേതാവ് അബു യൂസഫിനെ കൊലപ്പെടുത്തുകയും ചെയ്തു. 8,000 ഐഎസ് പ്രവര്‍ത്തകരെയും കുടുംബങ്ങളെയും തടവിലാക്കിയിരിക്കുന്ന അല്‍ഹോല്‍ കാംപ് പൊളിച്ച് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നു എന്ന്് ആരോപിച്ചായിരുന്നു ആക്രമണം. സിറിയയില്‍ നിന്ന് ഉടനൊന്നും പിന്‍മാറില്ലെന്നും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.