തൃശൂര്‍: പെണ്ണുകാണല്‍ സല്‍ക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വര്‍ണാഭരണവും കവര്‍ച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലിസ് അറസ്റ്റു ചെയ്തു.
പുനര്‍വിവാഹം കഴിക്കുന്നതിനായി പത്രങ്ങളില്‍ പരസ്യം നല്‍കുന്നവരും താരതമ്യേന പ്രായമായവരുമായ വ്യക്തികളെയാണ് ഇവര്‍ ഇരകളായി കണ്ടെത്തുന്നത്. തുടര്‍ന്ന് ഫോണിലൂടെ ബന്ധപ്പെടുകയും തന്റെ സഹോദരിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. സുന്ദരിയും കുലീനത്വവുമുള്ള സ്ത്രീയാണ് തന്റെ സഹോദരി എന്ന് കാണിക്കുന്നതിനുവേണ്ടി ഏതെങ്കിലും ഒരു സ്ത്രീയുടെ ഫോട്ടോ വാട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കുന്നു.
തമിഴ്‌നാട്ടില്‍ താമസിക്കുന്ന മലയാളി കുടുംബമാണെന്നും സഹോദരിയുടെ ഭര്‍ത്താവ് മരണപ്പെട്ടുവെന്നും, കുട്ടികളോ, ബാധ്യതകളോ ഇല്ലെന്നും മറ്റും പറഞ്ഞ് വിശ്വാസം ആര്‍ജ്ജിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനുശേഷം, പൊള്ളാച്ചിയിലുള്ള കുടുംബക്ഷേത്രത്തില്‍ ഗണപതി ഹോമവും പൂജയും നടത്തുന്നതിനായി താനും കുടുംബാംഗങ്ങളും എത്തുമ്പോള്‍ സഹോദരിയെ അവിടെയുള്ള ഫാം ഹൌസില്‍ വെച്ച് കാണാമെന്നും അറിയിക്കുന്നു.
മൊബൈല്‍ഫോണിലൂടെ പറഞ്ഞു നല്‍കിയ കാര്യങ്ങള്‍ വിശ്വസിച്ച് പെണ്ണുകാണല്‍ ചടങ്ങിന് എത്തുന്നവരെ പൊള്ളാച്ചിക്കടുത്തുള്ള ആളൊഴിഞ്ഞ തെങ്ങിന്‍ തോട്ടത്തിലേക്ക് അനുനയിച്ച് കൂട്ടിക്കൊണ്ടുപോകുന്നു.
അസ്വാഭാവിക സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുന്ന അവര്‍ ചതിയില്‍ കുടുങ്ങിയതായി തിരിച്ചറിയുന്നതിനു മുമ്പു തന്നെ, ഏതാനും ആളുകള്‍ അവരെ വളയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ കൈകാലുകള്‍ ബന്ധിച്ച്, മര്‍ദ്ദിച്ച് അവശരാക്കുകയും മൊബൈല്‍ ഫോണുകളും, പണവും, സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും, പഴ്‌സും എടിഎം കാര്‍ഡുകളും കൈവശപ്പെടുത്തുന്നു. മരണഭയത്താല്‍, ഇവരുടെ കൈവശമുള്ള എല്ലാം നല്‍കാന്‍ നിര്‍ബന്ധിതനാവുന്നു. അക്രമികള്‍ എടിഎം പിന്‍ നമ്പര്‍ ആവശ്യപ്പെടുകയും, അത് നല്‍കിയ പ്രകാരം അവര്‍ പുറത്ത് പോയി എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നു. ഇതിനുശേഷം, തട്ടിപ്പിന് ഇരയായവരെ അര്‍ദ്ധരാത്രി ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഇറക്കിവിടുന്നു.
തൃശൂര്‍ സ്വദേശിയായ മധ്യവയസ്‌കനും അയാളുടെ അടുത്ത ബന്ധുവുമാണ് ഇത്തരത്തിലുള്ള അക്രമത്തിനിരയായി കബളിപ്പിക്കപ്പെട്ടത്. 2021 മാര്‍ച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്ണുകാണല്‍ ചടങ്ങിന് വിളിച്ചു വരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും, സ്വര്‍ണമോതിരവും, മൊബൈല്‍ഫോണുകളും പ്രതികള്‍ കവര്‍ച്ച ചെയ്തു. കൂടാതെ ഇവരില്‍ നിന്നും എടിഎം കാര്‍ഡുകളും പിന്‍ നമ്പറും കൈവശപ്പെടുത്തി, നാലുലക്ഷത്തിലധികം രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇവരുടെ പരാതിപ്രകാരം തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂര്‍ തോന്നാംപാളയം അംബേദ്കര്‍ നഗര്‍ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനന്‍തുളു പ്രകാശ് (40), തിരുപ്പൂര്‍ മംഗളം റോഡ് കുറുവം പാളയം വിഘ്‌നേഷ് (23), തിരുപ്പൂര്‍ മംഗളം റോഡ് ലിബ്രോ കോമ്പൌണ്ട് മണികണ്ഠന്‍ (27) തിരുപ്പൂര്‍ മാക്കലിയമ്മന്‍ തെരുവ് ശെന്തില്‍ (42), തിരുപ്പൂര്‍ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ.പ്രസാദും സംഘവും അറസ്റ്റുചെയ്തത്.
പ്രതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതിന് പാലക്കാട് വടക്കഞ്ചേരി പോലിസ് സ്‌റ്റേഷനിലും, കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. തട്ടിപ്പിനിരയായ പലരും നാണക്കേട് ഓര്‍ത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതിനാലാണ് പ്രതികള്‍ ഇത്തരത്തിലുള്ള അക്രമവും കവര്‍ച്ചയും നടത്തുന്നതിന് ഇടവരുത്തിയത്.