ഒറ്റപ്പാലം നഗരസഭയിലെ മോഷണം: പ്രതിയായ സിപിഎം കൗണ്‍സിലര്‍ രാജിവച്ചു
കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വര്‍ണ നാണയവും മോഷണം പോയെന്ന് ആരോപണമുണ്ട്.
പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം മോഷണംപോയ സംഭവത്തില്‍ പ്രതിയായ സിപിഎം മുന്‍ കൗണ്‍സിലര്‍ രാജിവച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബി സുജാതയാണ് നഗരസഭാ സെക്രട്ടറിക്ക് രജിസ്‌ട്രേഡ് വഴി രാജിക്കത്ത് നല്‍കിയത്. കേസില്‍ പ്രതിചേര്‍ത്തപ്പോള്‍ തന്നെ സുജാതയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, മോഷണക്കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഭരണസമിതിക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജിയെന്നാണു സൂചന.
കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗവും സിപിഎം അംഗവുമായ ലതയുടെ 38000 രൂപ നഗരസഭ ഓഫിസില്‍നിന്നു മോഷണം പോയത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണം നാല് കൗണ്‍സിലര്‍മാരിലേക്കെത്തി. ഇതിനിടെ വിരലടയാള പരിശോധനയുള്‍പ്പെടെ പോലിസ് പൂര്‍ത്തിയാക്കി. ചോദ്യം ചെയ്യലില്‍ ആരും കുറ്റം സമ്മതിച്ചില്ല. നുണ പരിശോധനയടക്കമുളള നടപടിക്ക് പോലിസ് തയ്യാറെടുക്കുന്നതിനിടെ സിപിഎം പുറത്താക്കിയത്. കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വര്‍ണ നാണയവും മോഷണം പോയെന്ന് ആരോപണമുണ്ട്. മോഷണത്തിനിരയായെന്നു കാണിച്ച് രണ്ട് നഗരസഭാ ജീവനക്കാരും ഒരു കൗണ്‍സിലറും ഒറ്റപ്പാലം പോലിസില്‍ പരാതി നല്‍കിയിരുന്നു.