എസ്‌സി/എസ്ടി കുട്ടികള്‍ക്ക് പ്രത്യേക ടീമില്ല; ജാതീയ നീക്കത്തില്‍ നിന്ന് പിന്‍മാറി തിരുവനന്തപുരം കോര്‍പറേഷന്‍

ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്‍പറേഷന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Update: 2022-08-02 13:29 GMT

തിരുവനന്തപുരം: പട്ടിക വിഭാഗത്തിലെയും ജനറല്‍ വിഭാഗത്തിലേയും കുട്ടികള്‍ക്ക് പ്രത്യേക കായിക ടീം ഉണ്ടാക്കിയ ജാതീയ നടപടി പിന്‍വലിച്ച് തിരുവനന്തപുരം നഗരസഭ. ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്‍പറേഷന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നഗരസഭയ്ക്ക് ഒറ്റ കായിക ടീം മാത്രമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയം വിവാദമായി എന്നതിനെക്കാള്‍ പോസിറ്റീവായി എടുക്കുകയാണ് എന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം നഗരസഭ മനസ്സിലാക്കുന്നു. നേരത്തെ തിരഞ്ഞെടുത്ത കുട്ടികളെ ഉള്‍പ്പെടുത്തി തന്നെ അത്രതന്നെ കുട്ടികളെ വീണ്ടും തിരഞ്ഞെടുക്കുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്‌സി /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് വിവാദമായതോടെ നടപടി തിരുത്തുകയായിരുന്നു.

Similar News