അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ഇസ് ലാമിക വ്യക്തി നിയമങ്ങളില്‍ മാറ്റങ്ങളുണ്ടാവണം: ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്

Update: 2022-03-19 06:22 GMT

മുവാറ്റുപുഴ: ഖുര്‍ ആന്റേയും ഏക ദൈവ വിശ്വാസത്തിന്റേയും അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ഇസ് ലാമിക വ്യക്തി നിയമങ്ങളില്‍ കാലികമായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മുസ് ലിം പണ്ഡിതന്‍മാര്‍ തയ്യാറാവണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. അഡ്വ. എം എം അലിയാര്‍ ക്രോഡീകരിച്ച മുസ് ലിം വ്യക്തി നിയമ സംഹിത(ഇന്ത്യന്‍ കോടതികള്‍ക്ക് ബാധകമായത്) എന്ന പുസ്തകം മുവാറ്റുപുഴ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ഇസ് ലാമിക നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ.് വ്യക്തി നിയമങ്ങളെ കുറിച്ചുള്ള അറിവ് കേവലം വിവാഹം കുടുംബം എന്നിവയില്‍ ഒതുങ്ങുകയാണ്. മുസ് ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ ജനിച്ച് മരണം വരെ നിയമങ്ങള്‍ ബാധകമാണ്. ആ വ്യക്തി തന്നേയാണ് കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഇടപെടുന്നത്. എല്ലാത്തിനെ കുറിച്ചും വ്യക്തമായ വിവരം നല്‍കിയിട്ടുണ്ട് ഖുര്‍ആനിലും പ്രവാചക ചര്യകളിലും. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന പണ്ഡിതര്‍ ഈജിപ്തിലെ പണ്ഡിതന്‍മാരാണ്. അവര്‍ ഇസ് ലാമിക നിയമങ്ങള്‍ മാത്രമല്ല പഠിച്ചിരിക്കുന്നത്. അമേരിക്കയിലേയും മറ്റു യൂനിവേഴ്‌സിറ്റികളിലേയും നിയമങ്ങള്‍ പഠിച്ച് അതിനെ ഇസ് ലാമിക നിയമങ്ങളുമായി താരതമ്യം ചെയ്ത് പഠിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇന്ത്യയിലെ പണ്ഡിതന്‍മാര്‍ നിയമ വ്യവസ്ഥകളെ താരതമ്യം ചെയ്ത് പഠിക്കുന്നതില്‍ പിന്നിലാണ്. നിയമങ്ങള്‍ താരതമ്യം ചെയ്ത് പഠിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിന്റെ ഏറ്റവും വലിയ മാതൃകയാണ് മദീനയില്‍ പ്രവാചകന്‍ ജൂതന്‍മാരുമായുള്ള സമ്പര്‍ക്കത്തിലൂടെ രൂപപ്പെടുത്തിയ നിയമം. ലോകത്ത് ആദ്യമായി സൃഷ്ടിച്ച രേഖപ്പെടുത്തിയ മതേതര നിയമ വ്യവസ്ഥയായിരുന്നു മദീനയിലേത്. എന്നാല്‍, മുസ് ലിംകള്‍ക്ക് അത് മനസ്സിലായിട്ടില്ല എന്നത് ഖേദകരമാണ്. ഇന്ന് മുസ് ലിം ലോകം നേരിടുന്ന വെല്ലുവിളിയും അത് തന്നേയാണ്. മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

എല്ലാ കാര്യങ്ങളിലും ഇസ് ലാമില്‍ നിയമ സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇസ് ലാമിക നിയമങ്ങള്‍ 1400 വര്‍ഷം മുന്‍പ് പൂര്‍ത്തിയായതാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് ഇസ് ലാമിക നിയമങ്ങള്‍ നടപ്പാക്കാനുള്ള സംവിധാനമുണ്ട്. ഇപ്പോഴും പല പണ്ഡിതരും 1400 വര്‍ഷം മുമ്പത്തെ സാഹചര്യം വീണ്ടും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല. അത് തെറ്റായ കീഴ് വഴക്കമാണ്. ഇസ് ലാമിലെ ചില നിയമങ്ങള്‍ മാറ്റാന്‍ സാധിക്കുകയില്ല. വിശ്വാസവുമായി ബന്ധപ്പെട്ട അധ്യായനങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കുകയില്ല. എന്നാല്‍, ചില നിയമങ്ങള്‍ കാലികമാണ്. ഇന്നും ചന്ദ്രന്റെ പ്രയാണങ്ങള്‍ അറിയാന്‍ ആകാശത്തേക്ക് നോക്കുന്ന ഒരു കമ്മ്യൂണിറ്റിയായി മുസ് ലിംകള്‍ മാറിയത് വലിയ സങ്കടകരമായ കാര്യമാണ്. കാരണം ശാസ്ത്രം മാറി. ചന്ദ്രനും സൂര്യനുമെല്ലാം അസ്തമിക്കുന്നതും ഉദിക്കുന്നതും കണക്കാക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇസ് ലാമും ആധുനിക വല്‍കരണവും വലിയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കാലികമായി നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ചിന്താശേഷി മുസ് ലിം സമുദായത്തിന് ഉണ്ടാവേണ്ടതുണ്ട്. ഇസ് ലാം പൂര്‍ത്തിയാവുന്ന കാലത്ത് കൊലക്കുറ്റത്തിനും വ്യപിചാരത്തിനും നല്‍കിയിരുന്ന ശിക്ഷകള്‍ നാം പരിശോധിക്കേണ്ടതുണ്ട്. അന്ന് വ്യപിചരിക്കുന്നവരെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആണ് നിയമം. ആ നിയമം ഇസ് ലാം ഉണ്ടാക്കിയ നിയമം അല്ല. അവിടെ നിലനിന്നിരുന്ന ക്രൈസ്തവ, ജൂത സമൂഹത്തില്‍ ഉണ്ടായിരുന്ന നിയമങ്ങളും അത്തരത്തിലുള്ളതായിരുന്നു. 1400 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നത്തെ സമൂഹത്തില്‍ ആ നിയമം സ്വീകാര്യമാവുന്നതല്ല. സാമൂഹികമായ മാറ്റത്തിന് അനുസരിച്ച് നിയമങ്ങളും പരിഷ്‌കരിക്കപ്പെടേണ്ടതാണ്. അന്നത്തെ സമൂഹത്തില്‍ നില നിന്നിരുന്ന സംവിധാനമാണ് അടിമത്തം. ആ സമൂഹത്തില്‍ അടിമത്തം സ്വീകാര്യമായിരുന്നു. ഇസ് ലാമും അടിമകളോട് കാരുണ്യത്തോടെ പെരുമാറണമെന്ന് പഠിപ്പിച്ചു. ഇസ് ലാമില്‍ മാത്രമല്ല, അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു വ്യവസ്ഥയായിരുന്നു അത്. അടിമത്തം ഇല്ലാതായിട്ട് ഇപ്പോള്‍ 200 വര്‍ഷമെ ആയിട്ടുള്ളു. ഇസ് ലാം അന്നും അടിമത്തം പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍, അടിമത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് ആവശ്യമായ നിയമങ്ങള്‍ പകര്‍ന്നു നല്‍കി. ചില നിയമങ്ങള്‍ കാലികമായി മാറേണ്ടതുണ്ട്. ആ കാലികമായ മാറ്റത്തിന് പലപ്പോഴും മുസ് ലിംകള്‍ തയ്യാറാവുന്നില്ല. പ്രവാചകന്‍ നില നിന്നിരുന്ന സമൂഹിക ഘടനക്ക് അനുസരിച്ച് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇസ് ലാമിന്റേയും ഖുര്‍ആന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകാതെ ഇത്തരം നിയമങ്ങള്‍ കാലികമായ മാറ്റം ആവശ്യമാണ്. 1400 വര്‍ഷം മുമ്പുള്ള ഒരു മുസ് ലിം സമൂഹത്തെ തന്നെ പുന:സൃഷ്ടിക്കുക എന്നത് തെറ്റായ കാഴ്ച്ചപ്പാടാണ്. അടിസ്ഥാന പരമായ തത്വങ്ങള്‍ക്കും ഏക ദൈവ വിശ്വാസത്തിനും കോട്ടം തട്ടാതെ നിയമ സംവിധാനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. എന്നാല്‍, മാത്രമെ മാറുന്ന ലോകത്ത് സൃഷ്ടിപരമായ പുരോഗതിക്ക് ഒരു സമൂഹത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുകയുള്ളു. ആദ്യമായി സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശംനല്‍കിയ സംവിധാനം ആയിരുന്നു ഇസ് ലാം. സ്ത്രീകളെ എപ്പോഴും ഇസ് ലാം ഏറ്റവും നല്ല നിലയില്‍ തന്നെ പരിഗണിച്ചു. എന്നാല്‍, ആ സ്ത്രീകളെ ഇപ്പോഴും രണ്ടാംതരം പൗരന്മാരായി പരിഗണിക്കുന്നതാണ് നാം കാണുന്നത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

Tags:    

Similar News