
കൊല്‍ക്കത്ത: രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ മുസ്‌ലിം പള്ളി പരിസരത്തേക്ക് പടക്കം എറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമബംഗാളിലെ മോത്തിബാരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചു. ബുധനാഴ്ച്ച നടന്ന സംഘര്‍ഷത്തില്‍ 34 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനോടും മാള്‍ഡ എസ്പിയോടും ഹൈക്കോടതി റിപോര്‍ട്ട് തേടിയിട്ടുണ്ട്.
രാമനവമിയുടെ ഭാഗമായ റാലിയില്‍ പങ്കെടുത്തവര്‍ പ്രദേശത്തെ ഒരു മുസ്‌ലിം പള്ളിയ്ക്കു സമീപത്തേക്ക് പടക്കം എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലിസ് അറിയിച്ചു. സംഭവങ്ങളില്‍ ആറു കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രദേശം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒരു സംഘം രൂപീകരിച്ചെങ്കിലും പോലിസ് അനുമതി നല്‍കിയില്ല. പ്രദേശത്തെ സാമുദായിക അന്തരീക്ഷം കൂടുതല്‍ മോശമാക്കാന്‍ സമ്മതിക്കില്ലെന്ന് പോലിസ് പറഞ്ഞു. എന്തുകൊണ്ടാണ് അടുത്തിടെയായി ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാര്‍ ചോദിച്ചു. ബിജെപിയുടെ പ്രവര്‍ത്തനങ്ങളാണ് സംഘര്‍ഷങ്ങള്‍ കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.